ഡൽഹിയിലെ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത റിയ ആഹിർ എന്ന യുവമോഡൽ ദാദറിലെ ശിവജി പാർക്കിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോയ പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞുനിർത്തി പ്രതിഷേധിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
ഈ ചിത്രം പുനരാവിഷ്കരിച്ചിരിക്കുകയാണ് നടി നവ്യാ നായർ. എന്നാൽ, ചിത്രം നിമിഷങ്ങൾക്കകം നടി തന്നെ പിൻവലിക്കുകയും ചെയ്തു.റിയയുടെ ചിത്രത്തെ അനുസ്മരിപ്പിക്കും വിധം പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ പങ്കുവെച്ചത്. കൊൽക്കത്തയിൽനിന്നുള്ളതാണെന്ന് ചിത്രത്തിൽനിന്ന് വ്യക്തമാവുന്നത്. വന്ദേ മാതരം പശ്ചാത്തല സംഗീതമായാണ് നടി ചിത്രം പങ്കുവെച്ചത്. മറ്റ് വിശദീകരണങ്ങളൊന്നുണ്ടായിരുന്നില്ല.
നവ്യയുടെ ചിത്രം സിജെപി സമരത്തിനുള്ള പിന്തുണയാണെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാഖ്യാനം ഉയർന്നതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നടി ചിത്രം പിൻവലിച്ചു.
പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കമന്റുമായി ആരാധകരെത്തി. നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ച പോസ്റ്റിനെ പരിഹസിച്ച് ‘ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ’ എന്ന നവ്യയുടെ ‘നന്ദനം’ എന്ന ചിത്രത്തിലെ സംഭാഷണം ഓർമിപ്പിച്ചാണ് ഒരു കമന്റ്. ‘പോലീസ് വാഹനത്തെ അനുഗ്രഹിക്കുകയാണോ’, എന്നും ചിലർ ചോദിക്കുന്നു.
