ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ജർമനിയെ മറികടക്കുമെന്ന് പ്രതീക്ഷ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 4.18 ട്രില്യൺ ഡോളറിലെത്തിയെന്നും ഇത് അമേരിക്ക, ചൈന, ജർമനി എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്തെത്തിയെന്നും സർക്കാരിന്റെ വർഷാവസാന സാമ്പത്തിക അവലോകനം പറയുന്നു.
എന്നിരുന്നാലും, ഔദ്യോഗിക സ്ഥിരീകരണം 2026-ൽ അന്തിമ വാർഷിക ജിഡിപി കണക്കുകൾ പുറത്തുവിടുമ്പോൾ ലഭിക്കുന്ന ഡാറ്റയെ ആശ്രയിച്ചിരിക്കും. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 4.51 ട്രില്യൺ ഡോളറായി കണക്കാക്കുന്നു. ജപ്പാന്റേത് 4.46 ട്രില്യൺ ഡോളറാണ്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. ഈ വേഗത സ്ഥിരമായി നിലനിർത്താൻ ഇന്ത്യക്കു കഴിയും. അടുത്ത രണ്ടര മുതൽ മൂന്നു വർഷത്തിനുള്ളിൽ ജർമനിയെ മൂന്നാം സ്ഥാനത്തുനിന്ന് പിന്തള്ളാനും ഇന്ത്യക്കു കഴിയും. 2030 ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപി ആണു പ്രതീക്ഷിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ – 2025: ഇന്ത്യയുടെ വളർച്ചയെ ഒരു നിർവചിക്കുന്ന വർഷം- എന്ന റിപ്പോർട്ടിൽ പറയുന്നു.
ഓഗസ്റ്റിൽ, റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ യുഎസ് അന്പതു ശതമാനം തീരുവ ചുമത്തിയിരുന്നു. തുടർന്നുണ്ടായ ആശങ്കൾക്കിടയിലും ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ച സ്ഥിരമായി തുടർന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.
