കൊച്ചി: കേരളത്തിന്റെ വാണിജ്യതലസ്ഥാനം എന്ന വിശേഷണത്തിലൊതുങ്ങില്ല ഇനി കൊച്ചി. അതെ, കൊച്ചി പഴയ കൊച്ചിയല്ല, ഇനി സിനിമാലോകത്തിന്റേയും സ്വന്തം കൊച്ചിയാകും. എറണാകുളം ജില്ലക്കാരന് കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസുകളിലൊന്ന് കൊച്ചിയില്‍ ജെ.സി.ഡാനിയേല്‍ അന്താരാഷ്ട്ര ഫിലിം സിറ്റി – ചിത്രനഗരം പദ്ധതിയാണ്.
ഇതിനൊപ്പം സിനിമയ്ക്കു വ്യവസായ പദവി നല്കല്, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി എന്നിവയും സിനിമാമേഖലയ്ക്കൊപ്പം കൊച്ചിയുടെയും ഭാവിസാധ്യതകള്ക്കു പുതിയ മാനം നല്‍കുന്നതാണ്. അന്തരിച്ച നടന് സലിംകുമാറിനായി സ്മാരകം നിര്‍മിക്കാനുള്ള ബജറ്റ് നിര്‍ദേശവും കൊച്ചിയുടെ കലാപൈതൃകത്തിനുള്ള ആദരം കൂടിയാകും.
സാംസ്കാരിക കൊച്ചിയും കേരളത്തിലെ സിനിമാമേഖലയും കാലങ്ങളായി മുന്നോട്ടുവച്ച ആവശ്യങ്ങളോടുള്ള സര്‍ക്കാരിന്റെ ക്രിയാത്മക പ്രതികരണമായാണ് ബജറ്റിലെ നിര്‍ദേശത്തെ ഈ രംഗത്തുള്ള പ്രമുഖര്‍ വിലയിരുത്തന്നത്.
നഗരത്തിനു പുറത്ത് വിശാലമായ സൗകര്യങ്ങളൊരുക്കിയാകും ഫിലിം സിറ്റി സജ്ജമാക്കുക. ചിത്രീകരണത്തിനുതകുന്ന ലൊക്കേഷനുകള്‍, എഡിറ്റിംഗ് സൗകര്യങ്ങള്‍, ആര്‍ട്ടിസ്റ്റുകള്‍ക്കു താമസിക്കാനുള്ള സൗകര്യങ്ങള്‍, പ്രിവ്യൂ തിയേറ്ററുകള്‍ എന്നിവയെല്ലാം ഫിലിം സിറ്റിയില്‍ ഒരുങ്ങും. അതിലൂടെ ആ മേഖലയിലുണ്ടാകുന്ന തൊഴില്‍, സംരംഭക സാധ്യതകള്‍, യാത്രാസൗകര്യങ്ങള്‍ എന്നിവ പ്രദേശവാസികള്‍ക്കും നേട്ടമാകും.
കൊച്ചിയിലെ സിനിമാസംസ്കാരം വളര്‍ച്ചയ്ക്ക് ഫിലിം സിറ്റി ഉള്‍പ്പടെയുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ കരുത്താകുമെന്ന് കൊച്ചിന് ഫിലിം സൊസൈറ്റി സെക്രട്ടറി വി.എ. ബാലചന്ദ്രന് പറഞ്ഞു. കൊച്ചിയില്‍ സ്ഥിരം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വേദി വരുന്നത് ആഹ്ലാദകരമാണ്. ഒരിക്കല്‍ മാത്രമാണ് കൊച്ചിയില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ നടന്നത്. അതേസമയം റീജണല്‍ ഫിലിം ഫെസ്റ്റിവലുകള്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ മധ്യമേഖല, കൂടുതല്‍ യാത്രാസൗകര്യങ്ങള്‍, മികച്ച ഹോട്ടലുകളും അനുബന്ധ സൗകര്യങ്ങളും എന്നിവയെല്ലാം കൊച്ചിയിലെ സിനിമാ മേഖലയിലെ നൂറുകോടിയുടെ വന്‍ പദ്ധതിക്കു സര്‍ക്കാരിനെ പ്രേരിപ്പിച്ചതായി കണക്കാക്കാം. എങ്കിലും അടുത്തിടെ സിനിമയുടെ ലൊക്കേഷനുകള്‍ക്കും അനുബന്ധ ജോലികള്‍ക്കും പര്യാപ്തമായ സൗകര്യങ്ങള്‍ കൊച്ചിയിലും പരിസരങ്ങളിലുമുണ്ടെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
സിജോ പൈനാടത്ത്
