ചേർത്തല: ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയായ തണ്ണീർമുക്കം ബണ്ട് റോഡ് പുനർനിർമിക്കാൻ നടപടി. നാട്ടുകാരുടെയും യാത്രക്കാരുടെയും നിരന്തരമായ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് വേമ്പനാട് കായലിനു കുറുകെയുള്ള ബണ്ട് റോഡ് പൊളിച്ചുനിർമിക്കുന്നത്. 1.40 കോടി രൂപയാണ് നിർമാണച്ചെലവ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും സന്നദ്ധസംഘടനകളും ഉന്നതാധികാരികൾക്ക് അടക്കം പലതവണ നിവേദനം നൽകിയിരുന്നു. റോഡ് പുനർനിർമാണത്തിന് മാത്രമാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളത്.
ഒന്നര കിലോമീറ്റർ നീളമുള്ള ബണ്ടിൽ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി നിർമിച്ച പാലങ്ങളിലെ ഒരു കിലോമീറ്റർ ഭാഗമാണ് ദേശീയപാത നിലവാരത്തിൽ പുനർനിർമിക്കുന്നത്. അടുത്തിടെ നിർമിച്ച മധ്യഭാഗത്തെ മൂന്നാംഘട്ടം മാത്രമാണ് നിലവിൽ ഗതാഗതയോഗ്യമായിട്ടുള്ളത്. ആലപ്പുഴ- മധുര സംസ്ഥാനപാതയുടെ ഭാഗമായ ബണ്ട് റോഡിന്റെ സംരക്ഷണപ്രവർത്തനങ്ങളുടെ ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു.
റോഡില്‍ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തി ദിവസങ്ങൾക്കുള്ളിൽ റോഡ് പൊട്ടിപ്പൊളിയുന്ന സ്ഥിതിയായിരുന്നു. ബണ്ടിന്റെ മധ്യഭാഗ്യത്തെ റോഡിന്റെ തകർച്ച അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. റോഡ് തകരുന്നത് പതിവായതോടെ ഇതു സംബന്ധിച്ച് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ നടത്തിയ പഠനത്തിൽ റോഡ് പൂർണമായി പൊളിച്ച് പുനർനിർമിക്കണമെന്ന് നിർദേശിച്ചു. ഇതേത്തുടർന്നാണ് റോഡ് പുനർനിർമിക്കാൻ നടപടിയായത്.
പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കൽ, കൈവരികളുടെ സംരക്ഷണം തുടങ്ങിയവയും പഠനറിപ്പോർട്ടിലുണ്ട്. ഇതിനുള്ള പദ്ധതിയും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിന്റെ മേൽനോട്ടച്ചുമതല ജലസേചനവകുപ്പിനാണ്. ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്.കെഎസ്ആർടിസി, സ്വകാര്യ ബസുകളടക്കം ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. നിലവില്‍ ബണ്ടിലെ കൈവരികൾ കാലപ്പഴക്കം മൂലം നാശത്തിന്റെ വക്കിലാണ്. പെയ്ത്തുവെള്ളം ഒഴുകിപ്പോകാനും സംവിധാനമില്ല.
ദിവസേന നിരവധി വിനോദ സഞ്ചാരികൾ കടന്നു പോകുന്ന ബണ്ടിൽ നടപ്പാതയും ഒരുക്കിയിട്ടില്ല. വേമ്പനാട് കായൽ ടൂറിസവുമായി ബന്ധപ്പെട്ട് ഏറെ വികസന സാധ്യതയുള്ള തണ്ണീർമുക്കം ബണ്ടിന്റെ നവീകരണത്തിന് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
