വിദ്യാർഥി പ്രക്ഷോഭങ്ങൾക്കിടയിൽ ജാർഖണ്ഡിൽ നടന്ന വ്യത്യസ്ഥമായ ഒരു പ്രതിഷേധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. പരീക്ഷാ നടത്തിപ്പിലുണ്ടായ ക്രമക്കേടുകളാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാരണമായത്.
ജെപിഎസ്സി ജെഎസ്എസ്സി ഉദ്യോഗാർഥികളുടെ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സംസ്ഥാന നിയമസഭയിലേക്ക് മാർച്ച് നടത്തുന്നതിനിടയിലാണ് വ്യത്യസ്ഥമായ ഈ സംഭവം.
ഒരു വിദ്യാർഥി സൂപ്പർ ഹീറോ വേഷം ധരിച്ചെത്തിയത് മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. “അമേരിക്കയിൽ ഇരിക്കുന്ന സ്പൈഡർമാന് പോലും കേൾക്കാം, എന്നാൽ ജാർഖണ്ഡ് സർക്കാരിന് കേൾക്കാനാകില്ലേ? എന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
ജെഎസ്എസ്സി-സിജിഎൽ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച, അഴിമതി, ക്രമക്കേടുകൾ എന്നിവയ്ക്കെതിരെയാണ് പ്രക്ഷോഭം. പരീക്ഷകൾ പൂർണമായും റദ്ദാക്കണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ.
നിയമസഭാ മാർച്ചിനിടയിൽ കനത്ത സുരക്ഷയും ബാരിക്കേഡുകളും തീർത്തു. ജലപീരങ്കി പ്രയോഗിക്കുകയും പോലീസുമായി ഉരസലുകൾ ഉണ്ടാവുകയും ചെയ്തു. സ്പൈഡർമാൻ വേഷത്തിന് പുറമെ, ‘പുഷ്പ’സിനിമയുടെ ഗെറ്റപ്പിലെത്തിയ പ്രതിഷേധക്കാരും ശ്രദ്ധ ആകർഷിച്ചു.
പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സിഐഡി അന്വേഷണവും ഇഡി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജെപിഎസ്സി അംഗങ്ങളുടെ രാജി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, സമഗ്രമായ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർഥികൾ.
