പോലീസ് മടുത്തു! പണത്തെച്ചൊല്ലി ജിഷയുടെ അമ്മയും സഹോദരിയും തമ്മിലടി; വനിതാ പോലീസിന് കസേരകൊണ്ട് അടിയേറ്റു

jisha

പെരുമ്പാവൂര്‍:  പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും തമ്മില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടര്‍ക്കഥയാകുന്നതു  പോലീസിനു തലവേദനയാകുന്നു. ജിഷ മരിച്ചതിനുശേഷം ലഭിച്ച പണത്തെച്ചൊല്ലി ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും തമ്മില്‍ നിരന്തരമുണ്ടാകുന്ന വഴക്കുകളില്‍ ഇടപെടേണ്ടി വരുന്ന ദുരവസ്ഥയിലാണ് തങ്ങളെന്നാണ്  ജിഷയുടെ അമ്മയുടെ സുരക്ഷാച്ചുമതലയുള്ള പോലീസുകാര്‍ പറയുന്നത്.

ജിഷ മരിച്ചതിനുശേഷം ജിഷയുടെ അമ്മയ്ക്കു പോലീസ് സുരക്ഷ  ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം റൂറലിനു കീഴിലുള്ള പോലീസ് സ്‌റ്റേഷനുകളിലെ വനിതാ പോലീസുകാര്‍ക്കാണ് ഈ ചുമതല. ഓരോ ദിവസവും ഓരോ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. എന്നാല്‍, രാജേശ്വരിയും  ദീപയും തമ്മില്‍ വഴക്കു പതിവായതിനാലും മറ്റും ഇവിടെ ഡ്യൂട്ടി  ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്കെത്തിയിരുന്നു. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെ അന്നു വീട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോതമംഗലം പോലീസ് സ്‌റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയുടെ നടുവിനു പരിക്കേറ്റിരുന്നു.
കസേരകൊണ്ടുള്ള അടിയേറ്റ ഇവര്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചൊവാഴ്ച്ച മുടക്കുഴയിലെ വീട്ടില്‍ വച്ചാണ് തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട വാക്കേറ്റത്തിനൊടുവില്‍ രാജേശ്വരി ദീപയെ കസേരകൊണ്ട് അടിക്കാന്‍ ശ്രമിക്കുന്നതുകണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥയ്ക്കു പരിക്കേറ്റത്. സംഭവം വിവാദമാക്കേണ്ട എന്ന നിലപാടിലാണ് പോലീസ്. അതിനാല്‍ തന്നെ കേസെടുത്തിട്ടില്ല. പരിക്കേറ്റ കോതമംഗലം സ്വദേശിയായ വനിതാ പോലീസ് ഉദ്യോഗസ്ഥ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

പണത്തെച്ചൊല്ലി ജിഷയുടെ അമ്മയും സഹോദരിയും തമ്മില്‍ മുമ്പും വാക്കേറ്റം നടന്നിരുന്നു. ദീപയ്ക്കു ജോലി ലഭിച്ചപ്പോള്‍ ആ ജോലി തനിക്കു വേണമെന്നും ജിഷയുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ ദീപയ്ക്കു നല്‍കരുതെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. ജിഷയുടെ മരണത്തെത്തുടര്‍ന്നു ലക്ഷക്കണക്കിനു രൂപയാണ് രാജേശ്വരിക്കു ലഭിച്ചത്. ഇതിന്‍റെ അവകാശത്തെച്ചൊല്ലി പിതാവ് പാപ്പുവും കോടതിയെ സമീപിച്ചിരുന്നു.

ജിഷ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മൂത്ത മകള്‍ക്കു ജോലി നല്‍കുകയും പത്തു ലക്ഷത്തിന്‍റെ സാമ്പത്തിക സഹായവും വീടു നിര്‍മിച്ചു നല്‍കുകയും ചെയ്തു. ലക്ഷക്കണക്കിനു രൂപ ഇതുകൂടാതെ പല വ്യക്തികളും സംഘടനകളും നല്‍കുകയും ചെയ്തു. പിതാവായ തനിക്കും ഇതില്‍ അവകാശമുണ്ടെന്നായിരുന്നു പാപ്പുവിന്‍റെ വാദം. ജിഷയുടെ സഹോദരി ദീപയ്ക്കു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചിരുന്നു. അമ്മയ്ക്കു മാസത്തില്‍ 5000 രൂപ പെന്‍ഷനും അനുവദിച്ചിരുന്നു.

Related posts