തലശേരി: ബിജെപി നേതാവിന്റെ ആത്മഹത്യയ്ക്കും യൂത്ത് കോൺഗ്രസ് നേതാവിന്റെ അറസ്റ്റിനും പിന്നിൽ ഡൽഹി കേന്ദ്രീകരിച്ചുള്ള ജോബ് സ്കാം റാക്കറ്റെന്ന് റിപ്പോർട്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. തപാൽ വകുപ്പിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്താണ് വ്യാപകമായ തട്ടിപ്പ് നടന്നിട്ടുള്ളത്. നിരവധി യുവാക്കൾ ഈ സംഘത്തിന്റെ വലയിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം. ശർമയെന്നയാളാണ് കേരളത്തിലെ തട്ടിപ്പിന് ചുക്കാൻ പിടിച്ചതെന്നാണ് വിവരം.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായിരുന്ന എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) അറസ്റ്റിലായതോടെയാണ് റിക്രൂട്ട്മെന്റ് തട്ടിപ്പ് സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് തലശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതീശൻ (59) ആത്മഹത്യ ചെയ്ത കേസിലാണ് വൈശാഖ് അറസ്റ്റിലായത്. റിമാൻഡിൽ കഴിയുന്ന വൈശാഖിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് വൈശാഖിനെ പോലീസ് അറസ്റ്റുചെയ്തത്. തിരുവനന്ത പുരത്തെ സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് തലശേരി പോലീസ് പ്രതിയെ പിടികൂടിയത്. 40 ലക്ഷം രൂപയുടെ ബാധ്യത വൈശാഖ് വഴിയുണ്ടായിട്ടുണ്ടെന്നും തന്റെ മരണത്തിനു കാരണം വൈശാഖാണെന്നും രതീശൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്താണ് രതീശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയതെന്നാണ് പ്രഥമ വിവരം. രതീശന്റെ സ്ഥാപനത്തിനടുത്ത് പിഎസ്സി പരിശീലനത്തിന് വന്ന കണ്ണൂർ സ്വദേശിയായ യുവാവിൽ നിന്നാണ് പണം വാങ്ങിയത്.
2024 ലാണ് രണ്ട് ഘട്ടങ്ങളിലായി 25 ലക്ഷം നൽകിയത്. ആദ്യം തപാൽ വകുപ്പിൽ ജോലി നൽകാമെന്നായിരുന്നു ഏറ്റിരുന്നത്. പിന്നീട് റെയിൽവേയിൽ ടിടിആർ പോസ്റ്റിൽ അപ്പോയിന്മെന്റ് നൽകുകയായിരുന്നു. തുടർന്ന് യുവാവിനെ ദില്ലിയിൽ പരിശീലനത്തിന് അയച്ചു.
അവിടെ അനൗൺസ്മെന്റ് മുറിക്കു മുന്നിൽ പല തവണ നിർത്തുകയും പലരും വന്ന് യുവാവിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നെ പോസ്റ്റിംഗ് ഹൈദരാബാദിലാണെന്ന് പറഞ്ഞ് അങ്ങോട്ട് അയച്ചു. ഹൈദരാബാദിലെത്തിയ യുവാവിന് സംശയം തോന്നിയതോടെ നാട്ടിലേക്ക് മടങ്ങുകയും പണം തിരിച്ച് ചോദിക്കുകയുമായിരുന്നു. യുവാവിന് ടിടിആർ പോസ്റ്റിലേക്ക് വ്യാജ നിയമന കത്തുവരെ നൽകിയിരുന്നു.
സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെ യുവാവും കുടുംബവും പണം തിരിച്ചുനൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഈ മാസം മൂന്നിനാണ് തലശേരി പുതിയ ബസ്സ്റ്റാൻഡിലെ കോഫി ഹൗസിന് മുകളിലെ സ്വന്തം ഓഫീസ് മുറിയിൽ രതീശനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിയ രതിശൻ ഓഫീസിലെത്തി ജീവനൊടുക്കുകയായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിവിധ അപേക്ഷകൾ തയാറാക്കി നൽകുകയായിരുന്നു രതിശൻ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയിരുന്നത്.
