വാഴയ്ക്കനായി ചങ്ങനാശ്ശേരിയും മൂവാറ്റുപുഴയും വെച്ചുമാറും ? ജോസഫ് വിഭാഗത്തിന്റെ സീറ്റ് വീതം വെയ്ക്കല്‍ പുരോഗമിക്കുന്നതിങ്ങനെ…

കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സീറ്റ് ചര്‍ച്ച പുരോഗമിക്കുമ്പോള്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം മൂവാറ്റുപുഴ ജോസഫിനു നല്‍കുമെന്നാണ് സൂചന. ഐ ഗ്രൂപ്പിന്റെ നിര്‍ണായക നീക്കമായാണ് ഇതു വിലയിരുത്തുന്നത്.

കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനായാണ് ഈ വച്ചുമാറല്‍. മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ എല്‍ദോ ഏബ്രാഹത്തോടു പരാജയപ്പെട്ട ജോസഫ് വാഴയ്ക്കന്‍ ഇത്തവണയും മത്സരിച്ചാല്‍ അവിടെ പരാജയപ്പെടുമെന്ന ഐഐസിസിയുടെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നും സൂചനയുണ്ട്.

ചങ്ങനാശേരിയില്‍ വാഴയ്ക്കന്‍ മത്സരിച്ചാല്‍ അവിടെ കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തല തന്നെ നേരിട്ടിറങ്ങി തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനുവേണ്ടി വാദിക്കുന്നത്.

അതിനിടെ, കണ്ണായ സീറ്റുകളായ കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ എന്നിവ കേരള കോണ്‍ഗ്രസിനു കൊടുക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ശക്തമായ എതിര്‍പ്പ് പരസ്യമായിക്കഴിഞ്ഞു.

മൂവാറ്റുപുഴയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ മേല്‍ക്കൈ യുഡിഎഫിനുണ്ടായിരുന്നു. ഏതാണ്ട് പന്തീരായിരത്തിലധികം വോട്ടിന്റെ മേല്‍ക്കൈ യുഡിഎഫിനുണ്ടായിരുന്നു.

കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കിയ മണ്ഡലം കൂടിയാണ് മൂവാറ്റുപുഴ. മാത്രവുമല്ല, എല്‍ദോ ഏബ്രഹാമിന്റെ മോശം പ്രതിച്ഛായയും യുഡിഎഫിനു നേട്ടമാകും.

കോണ്‍ഗ്രസില്‍നിന്ന് മികച്ച ഒരു സ്ഥാനാര്‍ഥി ഇവിടെ വന്നാല്‍ മൂവാറ്റുപുഴയില്‍ വിജയം നേടാമെന്നിരിക്കേ മൂവാറ്റുപുഴ ജോസഫ് ഗ്രൂപ്പിനു നല്‍കുന്നതിനോട് പ്രാദേശിക നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിക്കുന്നു.

അതിനിടെ, കോട്ടയത്ത് ജോസഫ് ഗ്രൂപ്പിനു കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനോട് പറഞ്ഞുകഴിഞ്ഞു.

കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും തങ്ങള്‍ക്കു വേണമെന്ന് ജോസഫ് ഗ്രൂപ്പ് കോണ്‍ഗ്രസിനെ അറിയിച്ചെങ്കിലും അതു സമ്മതിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.

എന്നാല്‍ സീറ്റു വച്ചുമാറുന്നതു സംബന്ധിച്ച് ധാരണയൊന്നുമായിട്ടില്ലെന്നാണ് വാഴയ്ക്കന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ അവസാന നിമിഷം നീക്കുപോക്കുകളുണ്ടാകുമെന്നു തന്നെയാണ് സൂചന.

Related posts

Leave a Comment