മഞ്ഞപ്പിത്തം: നെല്ലിക്കുഴിയില്‍ സംസ്ഥാനതല സംഘമെത്തി;രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തി; രോഗം പടരാതിരിക്കാനുള്ള മുന്‍കരുതുകള്‍ സ്വീകരിച്ചു

ktm-jounticeകോതമംഗലം: നെല്ലിക്കുഴിയിലും സമീപ പഞ്ചായത്തുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മഞ്ഞപ്പിത്തരോഗബാധയുടെ പ്രതിരോധനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനായി പൊതുജനാരോഗ്യ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീനയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല സംഘമെത്തി. രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം, പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തി.

സ്‌റ്റേറ്റ് ഒആര്‍ടി ഓഫീസര്‍ ഡോ. മഞ്ജുള, എന്‍ഡമോളജിസ്റ്റ് ഫാറൂഖ്, സര്‍വയലന്‍സ് യൂണിറ്റ് അംഗം ഹരീഷ് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ട്. നെല്ലിക്കുഴി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു പ്രവര്‍ത്തങ്ങള്‍ വിലയിരുത്തി. ഫീല്‍ഡ് തലത്തിലുള്ള നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും പകര്‍ച്ചവ്യാധി കൂടുതല്‍ മേഖലകളിലേക്കു പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും സംഘം നിര്‍ദേശിച്ചു.

പ്രദേശത്തെ കുടിവെള്ള സ്രോതസുകളില്‍ പരിശോധന നടത്തുകയും ക്ലോറിനേഷന്‍ ഉറപ്പു വരുത്തുകയും ചെയ്യണം. ഹോട്ടലുകളില്‍ പരിശോധനകള്‍ നടത്തി ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെല്ലിക്കുഴിയില്‍ ജില്ലാതല പരിശോധന സംഘം നാല് ഇതരസംസ്ഥാന ക്യാമ്പുകള്‍ സന്ദര്‍ശിച്ച്, 140 പേരെ പരിശോധിച്ചു. 1284 വീടുകളില്‍ സന്ദര്‍ശനം നടത്തി ബോധവത്കരണ സന്ദേശം നല്‍കുകയും രോഗബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 824 കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി ശുചീകരിച്ചു.

Related posts