ജോസഫിനെപ്പോലെയൊരു നേതാവിനെ അത്ര പെട്ടെന്ന് തള്ളരുതെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉപദേശിച്ചതോടെ മാണിയ്ക്കും മകനും വീണ്ടു വിചാരം ! ജോസഫിനു കോട്ടയത്തു സീറ്റ് കൊടുക്കുന്നതിനെപ്പറ്റി ചര്‍ച്ച തുടങ്ങി…

കേരളാ കോണ്‍ഗ്രസിലെ സീറ്റു പ്രതിസന്ധി ഇന്നു തീര്‍ന്നേക്കുമെന്നു സൂചന. പി ജെ ജോസഫിനെ ഒപ്പം നിര്‍ത്തിയാകും കേരളാ കോണ്‍ഗ്രസ് മുന്നോട്ടു പോവുകയെന്ന ഉറപ്പ് കെ എം മാണി നല്‍കിക്കഴിഞ്ഞു. കോട്ടയത്ത് ജോസഫിനെ സ്ഥാനാര്‍ഥിയാക്കുകയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്ക് നല്‍കുകയും ചെയ്യുന്ന തരത്തിലായിരിക്കും ഒത്തുതീര്‍പ്പെന്നാണ് സൂചന.

യുപിഎ അധികാരത്തിലെത്തിയാല്‍ ജോസ് കെ മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ചാണ് ജോസഫിന് സീറ്റ് നല്‍കാന്‍ മാണിയുടെ സമ്മതം മൂളല്‍. ആരോഗ്യപ്രശ്‌നങ്ങളാല്‍ തീരുമാനം എടുക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് നേരത്തെ തന്നെ മാണി നല്‍കിയിരുന്നു.

ജോസഫിനെ തള്ളരുതെന്ന് നിരവധി പേരുടെ ഉപദേശത്തിനു ശേഷമാണ് ജോസ് കെ മാണി ഈ തീരുമാനത്തിലെത്തിയത്. പി ജെ ജോസഫിനെ കൈവിടരുതെന്ന ആവശ്യം കോണ്‍ഗ്രസാണ് ജോസ് കെ മാണിക്ക് മുന്നില്‍ പ്രധാനമായും വച്ചത്. കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ പിളരുന്നത് യുഡിഎഫിന്റെ വിജയ സാധ്യതകളെയും ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു.

ഇടുക്കി ജോസഫിന് കൊടുക്കണമെന്നും കോട്ടയം കോണ്‍ഗ്രസ് മത്സരിക്കാമെന്നുമായിരുന്നുമായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍ പണി മുന്‍കൂട്ടി കണ്ട ജോസ് കെ മാണി ഇക്കാര്യം എതിര്‍ക്കുകയായിരുന്നു.

ഇത്തവണ കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി ജോസഫ് മത്സരിക്കുമെന്നും അഞ്ചു കൊല്ലം കഴിയുമ്പോള്‍ സീറ്റ് മാണി ഗ്രൂപ്പിന്റേതായി തന്നെ മാറും എന്നതാണ് വ്യവസ്ഥ. ഇതില്‍ എല്ലാം ഉപരി പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്ക് താമസിയാതെ കൈമാറുകയും ചെയ്യും. അതായത് കെ എം മാണിക്ക് ശേഷം പാര്‍ട്ടി ലീഡര്‍ പദവി ജോസ് കെ മാണിക്ക് സ്വന്തമാകും. കേന്ദ്രത്തില്‍ അടക്കം മന്ത്രിസ്ഥാനത്തിന് സാധ്യത വന്നാല്‍ ജോസ് കെ മാണിക്കാകും മുന്‍ഗണന. ഇതെല്ലാം ജോസഫും അംഗീകരിക്കുകയാണ്. ലോക്സഭയിലേക്ക് മത്സരിക്കുക. തൊടുപുഴയിലെ ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ മകനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കുക. ഇതിലൂടെ തന്റെ ഗ്രൂപ്പിന്റെ നേതൃത്വവും മകന് നല്‍കാനാണ് ജോസഫിന്റെ നീക്കം.

സ്ഥാനാര്‍ത്ഥി ആരെന്ന പ്രഖ്യാപനം തിങ്കളാഴ്ചയോടെ ഉണ്ടാവും. ഇതിനായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയും ജോസ് കെ. മാണിയുമാകും ഈ യോഗത്തില്‍ പങ്കെടുക്കുക. യോഗത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ ജോസഫ് ഒഴിവാക്കപ്പെട്ടേക്കാം. മത്സരിക്കാനുള്ള താത്പര്യം ജോസഫ് പരസ്യമായി പ്രകടിപ്പിച്ചതിനാലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അന്തിമയോഗത്തില്‍ അദ്ദേഹം ഒഴിവാക്കുക. ജോസഫിനെ മുന്‍നിര്‍ത്തി പാര്‍ട്ടിയില്‍ ഭിന്നതസൃഷ്ടിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന വിമര്‍ശം സ്റ്റിയറിങ് കമ്മിറ്റിയിലുണ്ടാകും. ഇത്തരം ചര്‍ച്ചകള്‍ക്കൊടുവില്‍ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരളാ കോണ്‍ഗ്രസിലെ മാണി വിഭാഗം തയ്യാറാകുമെന്നാണ് സൂചന. തീരുമാനങ്ങളെടുക്കാനുള്ള അധികാരം ജോസ് കെ മാണിയ്ക്കു വിട്ടു നല്‍കിയതോടെ അധികാര കൈമാറ്റം തന്നെയാണ് കെ എം മാണിയുടെ ലക്ഷ്യം.

Related posts