കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ ഗ്രൗണ്ടിന്റെ വാടക കൂട്ടിച്ചോദിച്ച് സ്റ്റേഡിയം ഉടമകളായ ജിസിഡിഎ. ഓരോ മത്സരത്തിനും വാടക ഇനത്തില്‍ 4.25 ലക്ഷം രൂപ നല്‍കണമെന്നാണ് പുതിയ അറിയിപ്പ്.
വാടക രണ്ട് ലക്ഷം മാത്രമാക്കി കുറച്ചെന്ന് കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന്‍പിള്ള പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ മാറ്റം. വാടക ഉയര്‍ത്തിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിലായിരിക്കുകയാണ്.
മത്സരത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ജിസിഡിഎ മുമ്പ് നല്കിയ ഉറപ്പ് ലംഘിച്ചത്. പുതിയ അറിയിപ്പിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ജിസിഡിഎയുമായി ചര്‍ച്ച തുടങ്ങി.
ഇന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തേ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കി മാറ്റാന്‍ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു.
എന്നാല്‍ ഗ്രൗണ്ട് കിട്ടാന്‍ വൈകിയതും, ജിസിഡിഎ വാടക നിരക്ക് കുറയ്ക്കാമെന്ന് അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. മറ്റു വഴികളില്ലാത്തതിനാല്‍ ജിസിഡിഎ നിശ്ചയിക്കുന്ന ഫീസ് നല്കി ബ്ലാസ്റ്റേഴ്സിന് ഗ്രൗണ്ട് ഏറ്റെടുക്കേണ്ടി വരുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണില്‍ എട്ടര ലക്ഷ രൂപയോളം ഓരോ മത്സരത്തിനും ക്ലബ്ബ് ജിസിഡിഎക്ക് വാടക ഇനത്തില്‍ നല്‍കിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ അത് രണ്ട് ലക്ഷമാക്കി കുറയ്ക്കുമെന്നു ജിസിഡിഎ ചെയര്മാന് ബ്ലാസ്റ്റേ്ഴ്സ് മാനേജ്മെന്റിന് നല്കിയ ഉറപ്പാണ് ആദ്യമത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ ലംഘിച്ചത്. നാളെ രാത്രി ഏഴിന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം.
