കോട്ടയം: ഓട്ടോറിക്ഷയില്‍ കയറിയ പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവിനെ തടഞ്ഞുവച്ചു പോലീസിനു കൈമാറിയ ഡ്രൈവര്‍ക്കു അഭിനന്ദന പൂച്ചെണ്ടുകള്‍. കോട്ടയം തിരുനക്കര പോസ്റ്റോഫീസ് റോഡിലുള്ള ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായ മണര്‍കാട് പുതുപ്പറമ്പില്‍ പി.ആര്.മനോജ് കുമാറാണ് ജില്ലയിലെ 10 പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയായ തിരുനെല്‍വേലി സ്വദേശിനി ജ്യോതി (26)യെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.
തന്റെ ഓട്ടോയില്‍ കയറിയ ജ്യോതിയെ സംശയം തോന്നിയ മനോജ് കുമാര്‍ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവച്ചു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് എത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണവിവരങ്ങളുടെ ചുരുള്‍ അഴിഞ്ഞത്. കഞ്ഞിക്കുഴി സ്വദേശിനി രമണിയുടെ പതിനായിരം രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ചാണു ഇവര്‍ കടന്നു കളയാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 10നു തിരുനക്കര ബസ് സ്റ്റാന്‍ഡിനു മുന്നിലാണു സംഭവങ്ങളുടെ തുടക്കം. സ്റ്റാന്‍ഡില്‍ നിന്നും ഓടിയിറങ്ങി വന്ന യുവതി മനോജിന്റെ ഓട്ടോറിക്ഷയില്‍ കയറി ചാലുകുന്ന് വരെ പോകണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്നു ഓട്ടോറിക്ഷ ചാലുകുന്നില്‍ എത്തിയപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്തി മനോജ് ഇനി എങ്ങോട്ടാണ് പോകേണ്ടതെന്നു യുവതിയോടു ചോദിച്ചു. മുന്നോട്ട് പോട്ടെയെന്നായിരുന്നു യുവതിയുടെ മറുപടി. ഈ സമയത്ത് യുവതി കൈയിലുണ്ടായിരുന്ന വലിയ ബാഗില്‍ എന്തോ തിരയുന്നതു കണ്ണാടിയില്‍ കൂടി മനോജിന്റെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്നു ഓട്ടോ അറുത്തുട്ടി കവലയില്‍ എത്തിയപ്പോള്‍ അവിടെ കണ്ട മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ നിര്‍ത്തി യുവതി ഇറങ്ങി യാത്രക്കൂലിയും നല്കി. ഓട്ടോ തിരിച്ചു സ്റ്റാന്‍ഡിലേക്കു പോകുന്നതിനിടയില്‍ മനോജ് വണ്ടിയ്ക്കുളളില്‍ പരിശോധന നടത്തിയപ്പോള്‍ കാലിയായ രണ്ടു പഴ്സ് സീറ്റിന്റെ പിന്നില്‍ കിടക്കുന്നതു കണ്ടു.
യുവതി മോഷ്്ടാവാണെന്നു മനസിലാക്കിയ മനോജ് ഉടന്‍ തന്നെ മെഡിക്കല്‍ സ്റ്റോറിലെത്തി നാട്ടുകാരുടെ സഹായത്തോടെ യുവതിയ തടഞ്ഞുവച്ചു വിവരം തിരുനക്കര സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റിലും ഓട്ടോസ്റ്റാന്‍ഡിലും അറിയിച്ചു.
തുടര്‍ന്നു ഇവിടെയെത്തിയ പിങ്ക് പോലീസും സിവില്‍ പോലീസ് ഓഫീസര്‍മാരും ചേര്‍ന്ന് യുവതിയെ കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചു. ഈ സമയം പഴ്സ് നഷ്ടപ്പെട്ട രമണി പരാതിയുമായി എയ്ഡ് പോസ്റ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്ത ശേഷം പഴ്സും പണവും രമണിക്കു തിരികെ നല്കി. മോഷ്്ടാവിനെ പിടികൂടാന്‍ സഹായിച്ച മനോജിനെ വെസ്റ്റ് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എം.ജെ.അരുണ്‍ മെമന്റോ നല്കി ആദരിച്ചു.
