കണ്ണൂർ: എൽഡിഎഫ് ഉപരോധത്തിനിടെ കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ 126 പേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മേയർ പി. ഇന്ദിരയുടെയും സഹപ്രവർത്തകരുടെയും പരാതിയിൽ എൽഡിഎഫ് പ്രവർത്തകരായ സജീർ, ഷഹറാസ്, വൈഷ്ണവ്, അഭിനന്ദ് തുടങ്ങിയ കണ്ടാലറിയാവുന്ന 30 പേർക്കെതിരേ കേസെടുത്തു.
മേയറെയും സഹപ്രവർത്തകരെയും തടഞ്ഞുവച്ച് മൂർച്ചയുള്ള ഏതോ ആയുധംകൊണ്ട് ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായിട്ടാണ് പരാതി.
എൽഡിഎഫ് പ്രവർത്തകരായ പി.എം. സാജിദ്, ഫാത്തിമ, ഡാലിയ ഗ്രേസി എന്നിവരെ തടഞ്ഞുവച്ച് കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, റിജിൽ മാക്കുറ്റി, ഷിബിൻ, രാഗേഷ് തുടങ്ങി കണ്ടാലറിയാവുന്ന 16 യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസെടുത്തു.
കോർപറേഷന് മുന്നിലുള്ള റോഡ് ഉപരോധിച്ചതിനും മാർഗതടസം സൃഷ്ടിച്ചതിനും മേയർ പി. ഇന്ദിര, റിജിൽ മാക്കുറ്റി, കല്ലിക്കോടൻ രാജേഷ്, ജയകൃഷ്ണൻ, റിഷ മുഹമ്മദ്, രാജേഷ് ആയിക്കര തുടങ്ങി കണ്ടാലറിയാവുന്ന 30 യുഡിഎഫ് പ്രവർത്തകർക്കെതിരേയും കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ കോർപറേഷൻ ഓഫീസ് ഉപരോധിച്ച സംഭവത്തിൽ വൈഷ്ണവ് മഹേന്ദ്രൻ, ഷഹറാസ്, സാജിദ്, ഫാത്തിമ, ഡാലിയ ഗ്രേസി, രാജീവൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 എൽഡിഎഫ് പ്രവർത്തകർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെയാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂർ കോർപറേഷനിലേക്ക് നടത്തിയ ജനകീയ മാർച്ചിൽ സംഘർഷമുണ്ടായത്. മാർച്ച് ഉപരോധമായതോടെ സംഘർഷമുണ്ടാവുകയും മേയറെ ഉൾപ്പെടെ തടയുകയുമായിരുന്നു. മേയറെ കൈയേറ്റം ചെയ്തതായും യുഡിഎഫ് ആരോപിച്ചു.
