കര്‍ണാടക സര്‍ക്കാര്‍ വീഴുമോ ? സര്‍ക്കാരിനെ മറിച്ചിടാന്‍ ചില ‘സൂത്രധാരന്മാര്‍’ ശ്രമിക്കുന്നെന്ന് എച്ച്.ഡി കുമാരസ്വാമി; മുന്‍കൂറായി പലര്‍ക്കും പണം ലഭിക്കുന്നുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി…

ബംഗളുരു:അധികാരത്തിലേറിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാഞ്ഞ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പിന്തുണയോടെ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍(എസ്) അധികാരത്തിലേറിയത്.

എന്നാല്‍ ഇപ്പോള്‍ തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി കുമാരസ്വാമി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ്, ജനതാദള്‍(എസ്) അംഗങ്ങളെ വിലയ്‌ക്കെടുത്ത് മന്ത്രിസഭയെ വീഴ്ത്താന്‍ ചില സൂത്രധാരന്മാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് കുമാരസ്വാമി ആരോപിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

കോണ്‍ഗ്രസിലെ ആഭ്യന്തര യുദ്ധം മുതലെടുത്ത് കോണ്‍ഗ്രസ്, ജനതാദള്‍ (എസ്) എംഎല്‍എമാരെ താമസിപ്പിച്ച് വിലപേശാന്‍ ചില റിസോര്‍ട്ടുകളില്‍ സൗകര്യമൊരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തോടു മറുപടി പറയുകയായിരുന്നു അദ്ദേഹം. ”സര്‍ക്കാരിനായി ഏതു വെല്ലുവിളിയും അഭിമുഖീകരിക്കാന്‍ ഒരുക്കമാണ്.

റിസോര്‍ട്ടുകളോ കുടിലുകളോ എന്തു വേണമെങ്കിലും അവര്‍ ഒരുക്കട്ടെ, നേരിടാന്‍ ഞാന്‍ ഒരുക്കമാണ്. മുന്‍കൂറായാണ് പലര്‍ക്കും പണം നല്‍കുന്നത്. കൂടുതലായി ഒന്നും പറയുന്നില്ല, പിന്നീട് നിങ്ങള്‍ക്ക് എല്ലാം വ്യക്തമാകും’.കുമാരസ്വാമി പറഞ്ഞു.

സര്‍ക്കാരിനെ മറിച്ചിടാന്‍ ചില ‘സൂത്രധാരന്മാര്‍’ രംഗത്തുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. എല്ലാം അറിയുന്നുണ്ടെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലുള്ളവര്‍ ആരാണെന്നും ഇവര്‍ എവിടെ നിന്നാണ് പണം സ്വരൂപിക്കുന്നതെന്നും വ്യക്തമായ ധാരണയുണ്ടെന്നും പറഞ്ഞ കുമാരസ്വാമി ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും ശക്തവും സുതാര്യവുമായ ഒരു സര്‍ക്കാരിനായി കഴിയാവുന്ന എല്ലാ തീരുമാനവും കൈകൊള്ളുമെന്നും കൂട്ടിച്ചേര്‍ത്തു.

അട്ടിമറിക്കു ശ്രമിക്കുന്നവരില്‍ ഭാര്യയെയും മകനെയും കൊല്ലാന്‍ ഒരു കോഫി പ്ലാന്ററെ സഹായിച്ചവരും ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗളൂരു മുനിസിപ്പല്‍ ഓഫിസിന് തീവച്ചവരുമുണ്ടെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

എന്തുകൊണ്ടാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതെന്ന ചോദ്യത്തിന് ഒരിക്കലും വിജയ സാധ്യതയില്ലാത്ത നീക്കങ്ങള്‍ ആസ്വദിക്കുകയാണെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.
അതേസമയം, സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നതായുള്ള ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു.

സര്‍ക്കാരിനെ മറിച്ചിടാന്‍ ഉദ്ദേശമില്ല. ആഭ്യന്തര കലഹങ്ങളെ തുടര്‍ന്ന് മന്ത്രിസഭ സ്വയം താഴെ വീണാല്‍ മാത്രമേ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയുള്ളൂവെന്ന് മുന്‍ ഉപമുഖ്യമന്ത്രി ആര്‍.അശോക് പറഞ്ഞു.’സൂത്രധാരന്മാര്‍’ എന്നു പറയാതെ യഥാര്‍ഥ പേരുകള്‍ പുറത്തുപറയാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

എംഎല്‍എമാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് ആദായ നികുതി വകുപ്പിനും അഴിമതി വിരുദ്ധ ബ്യൂറോയ്ക്കും പരാതി നല്‍കുമെന്ന് സര്‍ക്കാരിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് അറിയിച്ചു.

Related posts