ആ സത്യം രജനീകാന്തിനും അറിയാം…ധനുഷ് തങ്ങളുടെ മകനാണെന്ന് ആവര്‍ത്തിച്ച് കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ കത്ത്; സത്യമറിയാവുന്ന രജനീകാന്ത് ധനുഷിനെ ഉപദേശിക്കണമെന്നും കത്തില്‍…

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംജാതമായിരിക്കുമ്പോള്‍ മരുമകന്‍ ധനുഷിന്റെ പിതൃത്വം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. ധനുഷ് തന്റെ മകനാണെന്ന് അവകാശവാദമുന്നയിച്ച് മേലൂര്‍ കതിരേശന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ”എന്നെയും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യയെയും കാണാന്‍ ധനുഷ് ഇതുവരെ വന്നിട്ടില്ല.

ഞങ്ങളെ വന്നു കാണാന്‍ ധനുഷിനോട് രജനി പറയണമെന്നും കതിരേശന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ധനുഷ് ഞങ്ങളുടെ മകനാണ്. രജനിക്കും ഇക്കാര്യം അറിയാം. ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ടാണ് ധനുഷ് ഞങ്ങളെ കാണാന്‍ വരാത്തത്”. ധനുഷിനെ ഉപദേശിച്ച് തങ്ങളുടെ അടുത്തേക്ക് അയയ്ക്കണമെന്നും കതിരേശന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദമുന്നയിച്ച് രംഗത്ത് വന്നത്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ട് പോയതാണെന്നുമാണ് ദമ്പതികളുടെ അവകാശവാദം. ധനുഷ് തങ്ങളുടെ മകനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ടെന്നാണ് ദമ്പതികള്‍ പറഞ്ഞിരുന്നത്.

ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനും തയ്യാറാണെന്ന് ദമ്പതികള്‍ കോടതിയില്‍ അറിയിച്ചിരുന്നു. ധനുഷിന്റെ ശരിയായ പേര് കാളികേശവന്‍ എന്നാണെന്നും ജനിച്ചത് 1985 നവംബര്‍ ഏഴിനാണെന്നും പറയുന്ന ദമ്പതികള്‍ 2002ലാണ് തങ്ങളുടെ മകന്‍ ഒളിച്ചോടിയതെന്നും പറയുന്നു. ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പിന്നീട് തളളി. നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.

Related posts