ആദ്യമായി സാത്താന്‍സേവയെപ്പറ്റി അറിയുന്നത് ഫിലിപ്പൈന്‍സില്‍ വച്ച്, വീട്ടിലെത്തിയതോടെ രാത്രികളില്‍ ഇന്റര്‍നെറ്റിലൂടെ ആഭിചാര കര്‍മത്തിന്റെ ഭാഗമായി, നാലു പേരെ കൊന്ന കേഡലിന്റെ ജീവിതം ദുരൂഹതകളുടെ കൂടാരം

nandnanതിരുവനന്തപുരം നന്തന്‍കോട്ട് മാതാപിതാക്കളടക്കം നാലു പോരെ കൊടുംകൊലയ്ക്കിരയാക്കിയ കേഡല്‍ ജീന്‍സണ്‍ രാജ പത്തുവര്‍ഷമായി സാത്തന്‍സേവ നടത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയയില്‍നിന്നു നാട്ടില്‍ എത്തിയശേഷം ഇന്റര്‍നെറ്റിലൂടെയാണു സാത്താന്‍ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണു താന്‍ നടത്തിയതെന്നും കേഡല്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി വ്യക്തമാത്തി. ഇന്നലെ വൈകുന്നേരം ആറരയോടെ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നാണു റെയില്‍വേ പോലീസ് ഇയാളെ പിടികൂടിയത്.

പിടിയിലായതു കേഡലാണെന്നു സ്ഥിരീകരിച്ച റെയില്‍വേ ഇന്‍റലിജന്‍സ് വിഭാഗം കന്റോണ്‍മെന്‍റ് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നു പ്രത്യേക അന്വേഷണസംഘം റെയില്‍വേ സ്‌റ്റേഷനിലെത്തി കേഡലിനെ കസ്റ്റഡിയില്‍ ഏറ്റുവാങ്ങി. ഇയാളെ കന്‍റോണ്‍മെന്‍റ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് അസിസ്റ്റന്‍റ് കമീഷണര്‍ കെ.ഇ. ബൈജുവിന്‍റെ നേതൃത്വത്തില്‍ ചോദ്യംചെയ്തു വരികയാണ്. എന്നാല്‍, കൃത്യം നടത്തിയത് ഒറ്റയ്ക്കാണോ അതോ മറ്റാരുടെയെങ്കിലും സഹായത്തോടെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേഡലിനു സാത്താന്‍സേവയുമായി ബന്ധമുണ്ടായിരുന്നുവെന്നു പോലീസിനു വിവരം ലഭിച്ചു. വെട്ടാനുള്ള മഴു വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണ്. ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തിയെന്നു കേഡല്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ കേഡല്‍ മൊഴി മാറ്റിപ്പറയുന്നത് പോലീസിനു തലവേദനയാകുന്നുണ്ട്.

അതേസമയം ഒരാഴ്ച മുമ്പ് സുഹൃത്തുക്കളുമായെത്തി വീട്ടില്‍ ഇയാള്‍ അക്രമം നടത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കോഴ്‌സ് പഠിച്ച കേഡല്‍ ജീന്‍സണ്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടില്‍ നിന്നു കടന്നത്. അതിനാല്‍ ഇയാള്‍ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു അന്വേഷണസംഘം. തുടര്‍ന്ന് ഇയാളെക്കുറിച്ചു വിവരം തേടുന്നതിനായി ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഷാഡോ പോലീസിനെ ചെറുസംഘങ്ങളായി തിരിച്ചായിരുന്നു ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങിയത്. ഇതിനിടെയാണ് ഇന്നലെ വൈകുന്നേരത്തോടെ ഇയാള്‍ റെയില്‍വേസ്‌റ്റേഷനിലെത്തിയത്. കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നാടുവിടാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതാകാമെന്നാണ് പോലീസ് ആദ്യം കരുതിയത്.

Related posts