അ​മേ​രി​ക്ക നൈ​ജീ​രി​യ​യി​ലേ​ക്ക് 200 സൈ​നി​ക​രെ അ​യ​യ്ക്കും

അ​ബു​ജ: കൊ​ല​പാ​ത​ക​വും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും കൊ​ള്ള​യും ന​ട​ത്തി ഭീ​ക​ര​രും ക്രി​മി​ന​ൽ​സം​ഘ​ങ്ങ​ളും അ​ഴി​ഞ്ഞാ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ നേ​രി​ടു​ന്ന​തി​ന് നൈ​ജീ​രി​യ​ൻ സാ​യു​ധ​സേ​ന​യെ സ​ഹാ​യി​ക്കാ​ൻ അ​മേ​രി​ക്ക സൈ​ന്യ​ത്തെ അ​യ​യ്ക്കു​ന്നു.

ഭീ​ക​ര​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ നൈ​ജീ​രി​യ​ൻ സൈ​നി​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കാ​ൻ 200 സൈ​നി​ക​രെ​യാ​ണ് പെ​ന്‍റ​ഗ​ൺ അ​യ​യ്ക്കു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ​സം​ഘം നൈ​ജീ​രി​യ​യി​ൽ എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ സൈ​നി​ക​സം​ഘം ഭീ​ക​ര​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ നേ​രി​ട്ടു പ​ങ്കാ​ളി​ക​ളാ​കി​ല്ലെ​ന്ന് നൈ​ജീ​രി​യ​ൻ പ്ര​തി​രോ​ധ ആ​സ്ഥാ​ന​ത്തി​ന്‍റെ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ സാ​മാ​ലി​യ ഉ​ബ പ​റ​ഞ്ഞു. മ​റി​ച്ച് അ​വ​ർ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ൽ വ്യാ​പൃ​ത​രാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക്രൈ​സ്ത​വ​രെ ല​ക്ഷ്യ​മി​ട്ടു ഭീ​ക​രാ​ക്ര​മ​ണം പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നൈ​ജീ​രി​യ​യി​ൽ അ​മേ​രി​ക്ക ഇ​ട​പെ​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ല​കു​റി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​മേ​രി​ക്ക​ൻ സേ​ന നൈ​ജീ​രി​യ​യി​ലെ സൊ​കൊ​തൊ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഐ​എ​സ് കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രേ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു.

ഈ ​ആ​ക്ര​മ​ണം ഒ​രു സൂ​ച​ന മാ​ത്ര​മാ​ണെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​നു​നേ​രേ​യു​ള്ള തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളും ഭീ​ഷ​ണി​ക​ളും ത​ട​യു​ന്ന​തി​നാ​യി ഭീ​ക​ര​വി​രു​ദ്ധ സ​ഹ​ക​ര​ണ ശ്ര​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് നൈ​ജീ​രി​യ​ൻ പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക​യു​ടെ ആ​ഫ്രി​ക്ക ക​മാ​ൻ​ഡി​ന്‍റെ ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ ദാ​ഗ്വി​ൻ ആ​ൻ​ഡേ​ഴ്സ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment