വെളിയില്‍ നിന്ന് വരുന്നവര്‍ക്ക് സൗകര്യങ്ങളുണ്ടെങ്കില്‍ വീട്ടിലേക്ക് പോകാം ! 65 കഴിഞ്ഞവര്‍ക്ക് വീട്ടില്‍ ബാത്ത്‌റൂം അറ്റാച്ച്ഡ് മുറിയില്ലെങ്കില്‍ ഹോട്ടലുകളില്‍ തങ്ങേണ്ടി വരും; ഇനി കാര്യമായി ഒന്നും ചെയ്യാനില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍; കേരളത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു…

കോവിഡ് രോഗികളുടെ എണ്ണവും പ്രവാസികളുടെ വരവും കൂടിയതോടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഇനി കള്ളം പറഞ്ഞ് സര്‍ക്കാരിന്റെ സൗജന്യ ക്വാറ്‌ന്റൈന്‍ സേവനം അനുഭവിച്ചാല്‍ ഇനി പണിപാളും.

ക്വാറന്റൈന്‍ സംവിധാനം ഇല്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ സംവിധാനം എന്ന നിലയിലാണ് കാര്യങ്ങള്‍. ബാക്കിയെല്ലാവരും വീട്ടില്‍ പോകണം. ഇനി വീട്ടിലേക്ക് സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ പോകേണ്ടി വരും.

രോഗ വ്യാപനം തടയാന്‍ വിമാന യാത്രയ്ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ വാദിച്ച് കേരളം പരാജയപ്പെട്ടിരുന്നു. എന്നാല്‍ യാത്ര ചെയ്തു എത്തുന്നവരെ പാര്‍പ്പിക്കാനുള്ള കരുതലുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ്.

വിമാനം ഇറങ്ങുന്നവര്‍ക്ക് സൗകര്യങ്ങളുണ്ടെങ്കില്‍ ഇനി വീട്ടിലേക്ക് പോകാം. വീടുകളില്‍ കുട്ടികളും 65 വയസ്സ് കഴിഞ്ഞവരും ഉണ്ടെങ്കിലോ ബാത്ത് അറ്റാച്ച്ഡ് മുറിയില്ലെങ്കിലോ പ്രവാസികള്‍ വീട്ടിലേക്ക് പോകാന്‍ പാടില്ല.

ഒന്നുകില്‍ ഹോട്ടലിലോ ലോഡ്ജിലോ പണം നല്‍കി താമസിക്കാം. സാമ്പത്തികപ്രശ്നമുള്ളവര്‍ക്ക് സര്‍ക്കാരിന്റ സൗജന്യ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് രണ്ടാമത്തേത്.

നാട്ടിലേക്ക് മടങ്ങാന്‍ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കുമ്പോള്‍ത്തന്നെ ഏതുതരം ക്വാറന്റൈന്‍ വേണമെന്ന് രേഖപ്പെടുത്തണം.

ഈ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ജാഗ്രതാ കണ്‍ട്രോള്‍റൂമിലും തദ്ദേശ സ്ഥാപനങ്ങളിലും ലഭിക്കും. അങ്ങനെ വിമാനത്തിലും തീവണ്ടിയിലും എത്തുന്നവരെ സ്വതന്ത്രമായി വിടുകയാണ് സര്‍ക്കാര്‍.

വിമാനമിറങ്ങിയാല്‍ ക്വാറന്റൈന്‍ വിവരങ്ങള്‍ കൗണ്ടറില്‍ അറിയിച്ചും പി.പി.ഇ. കിറ്റ് മാറ്റിയും യാത്ര തുടങ്ങാം. ബസ് സൗകര്യം ഉണ്ടാകും.

വീടുകളില്‍നിന്നെത്തിക്കുന്ന സ്വകാര്യവാഹനങ്ങള്‍ സ്വയം ഓടിച്ചും പോകാം. സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവറും ക്വാറന്റീനില്‍ കഴിയണം.

രോഗലക്ഷണമുള്ളവരെ ആംബുലന്‍സില്‍ വിശദപരിശോധനയ്ക്ക് അയക്കും. ടാക്സികളും കിട്ടും. വീട്ടിലെ സൗകര്യങ്ങളെപ്പറ്റി ആരോഗ്യ, തദ്ദേശ വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കും. പെയ്ഡ് ക്വാറന്റീനില്‍ പോകുന്നര്‍ക്ക് സര്‍ക്കാരിന്റെ നിരീക്ഷണമേ ഉണ്ടാകൂ, സൗജന്യങ്ങളൊന്നുമില്ല.

ഹോട്ടലിലോ ലോഡ്ജിലോ പോകാന്‍ പണമില്ലാത്തവരുടെ കാര്യത്തിലാണ് കൂടുതല്‍ പരിശോധന. തദ്ദേശസെക്രട്ടറിയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസറുടെ തുടരന്വേഷണവുമുണ്ട്. ഇതും അനുകൂലമായാലേ സൗജന്യ ക്വാറന്റൈന്‍ കിട്ടൂ.

ഭക്ഷണവും താമസവുമൊക്കെ സര്‍ക്കാര്‍ വകയാണ്. താമസിക്കുന്നയാള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് സൗജന്യം നേടിയതെങ്കില്‍ ഇയാളില്‍നിന്ന് ചെലവ് ഈടാക്കും.

ഇതിന് റവന്യൂ റിക്കവറി നടത്തുന്നതും ആലോചനയുണ്ട്. സര്‍ക്കാരിന്റെ ഖജനാവ് കാലിയായതാണ് ഇതിനെല്ലാം കാരണം.

പ്ലാന്‍ ഫണ്ടില്‍ നിന്ന് പണം ചെലവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും പരിമിതി അറിയിച്ചു. ഇതോടെയാണ് ക്വാറന്റീനിലെ തള്ളുകള്‍ പൊളിയുന്നത്.

കോവിഡ് വാളണ്ടിയര്‍മാരും പ്രഖ്യാപനത്തില്‍ മാത്രമായി. അങ്ങനെ കോവിഡിലെ കരുതലുകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. ഇത് സമൂഹ വ്യാപന സാധ്യത കൂട്ടും.

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളാണ് ബഹുഭൂരിപക്ഷവും എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. അതിനാല്‍ തന്നെ തങ്ങള്‍ക്കു രോഗമില്ലെന്ന ധാരണയില്‍ ആളുകള്‍ സമൂഹത്തിലേക്ക് ഇറങ്ങി ഇടപെടാന്‍ സാധ്യതയുണ്ട്.

ഇത് സമൂഹവ്യാപന ആശങ്കയുണ്ടാക്കുകയാണ്. ദൈനംദിനം പ്രവര്‍ത്തനങ്ങള്‍ക്കു പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ ഇനി തങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല നിലപാടിലാണ്.

Related posts

Leave a Comment