തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. കഴിഞ്ഞ ഒന്‍പത് ദിവസമായി മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇന്നലെ സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടെന്നാണ് ലഭിക്കുന്ന സൂചന.
വി.ഡി. സതീശന്, രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കുവേണ്ടിയാണ് അവകാശവാദങ്ങളും ചര്‍ച്ചകളും നടന്നത്. എംഎല്‍എമാരുടെ അഭിപ്രായം തേടിയ ഹൈക്കമാന്‍ഡ് ഘടകകക്ഷി നേതാക്കളുമായും എംപിമാരുമായും മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തിയിരുന്നു. ഭൂരിപക്ഷം നേതാക്കളുടെയും എംഎല്‍എമാരുടെയും അഭിപ്രായം മാനിച്ചാണ് പ്രഖ്യാപനം നടത്തുന്നതെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നല്‍കുന്നത്.
സമൂഹ മാധ്യമപ്രചാരണവും വൈകാരിക പ്രകടനവും നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്കുന്ന സൂചന. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് സൂചന നല്‍കിയിട്ടുണ്ട്. പ്രഖ്യാപനത്തിനുശേഷം പരസ്യ പ്രതിഷേധങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ എല്ലാവരും സ്വീകരിക്കണമെന്നും ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്കും ഘടകകക്ഷികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുന്‍ കെപിസിസി അധ്യക്ഷന്മാരായ വി.എം.സുധീരന്, കെ.മുരളീധരന്, എം.എം. ഹസന്, മുല്ലപ്പള്ളി രാമചന്ദ്രന്, കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ച് അഭിപ്രായം തേടിയിരുന്നു.
അതേസമയം ഭൂരിപക്ഷം എംഎല്‍എമാരുടെയും എംപിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണ്. രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും അനുകൂലിക്കുന്നവരുടെ എണ്ണം കുറവാണ്. ഘടകകക്ഷി നേതാക്കളുടെ പിന്തുണ തനിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശന്.
സീനിയോറിറ്റിയും പരിചയസമ്പത്തും കൈമുതലാക്കിയുള്ള പ്രതീക്ഷയാണ് രമേശ് ചെന്നിത്തലയ്ക്ക്. ഹൈക്കമാന്‍ഡ് തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കുമെന്ന് മൂന്ന് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്കു വേണ്ടി ആരും തെരുവില്‍ ഇറങ്ങി പ്രകടനം നടത്തരുതെന്നും ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും മൂന്ന് നേതാക്കളും നേരത്തെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
