കൊല്ലം: ക്ഷേമ പെൻഷന് തടസം നേരിടാൻ കാരണം കേന്ദ്രസർക്കാരാണെന്നും കേന്ദ്രത്തിന്റെ പകയും കോണ്ഗ്രസിന്റെ ചതിയുമാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിനെ അതിജീവിച്ചു. യുഡിഎഫ് നേതാക്കൾ കേരളത്തിനെതിരെ നിൽക്കുന്നവരാണ്. ബിജെപിയെയും ഇക്കൂട്ടർ സഹായിക്കുകയാണ്. ക്ഷേമ പെന്ഷന് ആരംഭിക്കുന്നത് 45 രൂപ കര്ഷക പെന്ഷന് നല്കികൊണ്ടായിരുന്നു.
ക്ഷേമപെന്ഷന് 600 രൂപ കുടിശിക വരുത്തി യുഡിഎഫ് പടിയിറങ്ങി.എല്ഡിഎഫ് സര്ക്കാര് ഈ കുടിശിക കൊടുത്ത് തീര്ത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് ഇത്ര പെന്ഷന് നല്കുന്നുവെന്നാണ് കേന്ദ്ര സര്ക്കാര് ചോദിക്കുന്നത്. കോണ്ഗ്രസ് ഇതിനെ പിന്തുണയ്ക്കുന്നു. ഉത്സവകാലത്ത് പെന്ഷന് കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നത്.
ഇപ്പോള് എല്ഡിഎഫ് സര്ക്കാര് എല്ലാ മാസവും പെന്ഷന് നല്കുന്നെന്നും മുഖ്യമന്ത്രി കൂട്ടിചേര്ത്തു. സംസ്ഥാന സര്ക്കാർ നടത്തുന്ന കേന്ദ്രത്തിന് എതിരായ സമരങ്ങളുടെ കൂടെ കോണ്ഗ്രസും പ്രതിപക്ഷനേതാവും നില്ക്കുന്നില്ല. സാമൂഹിക പെന്ഷന് വേണ്ടെന്ന് ബിജെപി സര്ക്കാര് പറയുന്നത് കേള്ക്കാന് മനസില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളവിരുദ്ധർക്കെതിരെയുള്ള വികാരം സംസ്ഥാനത്ത് അലയടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്തെന്പാടും കാണുന്നത്.പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പൗരത്വ ഭേദഗതി എന്ന വാക്ക് പോലും കോണ്ഗ്രസിന്റെ പ്രകടനപത്രികയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റോറി പച്ചനുണ പ്രചരിപ്പിക്കുന്ന ചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് അതിലുള്ളത്. കേരളത്തെ മോശമാക്കി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും അദ്ദേഹം വ്യക്തമാക്കി. ചവറയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.