ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പതനം ആസന്നമാണെന്നും ഇടതുമുന്നണിയുടെ ഗ്രാഫ് താഴേക്കു പോയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലങ്ങളിലെ ബിഎൽഎമാരുടെയും ബൂത്തു പ്രസിഡന്റുമാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ പട്ടിണി മാറ്റാനായി കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിച്ചിരിക്കുന്നു. ഇതിനെതിരേ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. എസ്ഐആറിലൂടെ വോട്ടർ പട്ടിക പരിശോധിച്ച് വിട്ടുപോയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താൻ പ്രവർത്തകർ വരും ദിവസങ്ങളിൽ തയാറാകണം.
നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ വിജയിക്കാൻ വേണ്ട പ്രവർത്തനങ്ങളാണ് പ്രവർത്തകർ സ്വീകരിക്കേണ്ടതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി ജി. സജ്ഞീവ് ഭട്ട് അധ്യക്ഷത വഹിച്ചു.
എഐസി സി സെക്രട്ടറി അറവഴകൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, കെപിസിസി വൈസ് പ്രസിഡന്റുമാരായ ഡി. സുഗതൻ, എ.എ. ഷുക്കൂർ, എം. ലിജു, കെപിപിസി ജനറൽ സെക്രട്ടറിമാരായ റോയി കെ. പൗലോസ്, എം.ജെ. ജോബ്, അബ്ദുൾ മുത്തലിബ്, ആർ. രാജശേഖരൻ, അഡ്വ. കെ.പി. ശ്രീകുമാർ, ബി. ബൈജു, ഡോ. നെടുമുടി ഹരികുമാർ, ടി. സുബ്രഹ്മണ്യദാസ്, കെ.എ. സാബു, ജി. മനോജ് കുമാർ, ബാബുജോർജ്, പി.ജെ. മാത്യു, ടി.വി. രാജൻ, സുനിൽ ജോർജ്, ടി.എ.ഹാമിദ്, എം.എസ്. ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു.
