പഠനത്തിനുവേണ്ട സഹായം എംഎല്‍എ വക, തമ്മനത്ത് കിസോയ്‌സ്‌ക്ക് മേയര്‍ വക! വജ്ര മോതിരം സമ്മാനിച്ച് മന്ത്രി കെ ടി ജലീല്‍; ഹനാന്ന് പിന്തുണയും സഹായവുമായി പ്രമുഖരുടെ നീണ്ട നിര

പഠനത്തിനും ഉപജീവനത്തിനുമായി കൊച്ചിയില്‍ മത്സ്യക്കച്ചവടത്തിനിറങ്ങിയ ഹനാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ മന്ത്രി പി.ജെ.ജോസഫ് എംഎല്‍എയും കൊച്ചി മേയര്‍ സൗമിനി ജെയിനും മന്ത്രി കെ ടി ജലീലുമൊക്കെ. പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് പി.ജെ.ജോസഫ് ഹനാനോട് ആവശ്യപ്പെട്ടു.

എത്രത്തോളം പഠിക്കാന്‍ കഴിയുമോ അത്രത്തോളം പഠിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഹനാനോട് പറഞ്ഞു. തമ്മനത്ത് തന്നെ ഹനാന് മത്സ്യക്കച്ചവടത്തിന് കിയോസ്‌ക് ഒരുക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിനും ഉറപ്പ് നല്‍കി. അല്‍- അസ്ഹര്‍ കോളജിലെത്തിയാണ് പിജെ ജോസഫ് എംഎല്‍എയും കൊച്ചി മേയറും ഹനാനുമായി സംസാരിച്ചത്.

മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ വജ്ര മോതിരം കെ.എം. മിജാസ് ഹനാന് കൈമാറി. വളാഞ്ചേരിയിലെ കവിത ജ്വല്ലറിയില്‍ നിന്ന് ലഭിച്ച മോതിരം മന്ത്രി കെ.ടി.ജലീല്‍ ഹനാന് നല്‍കാന്‍ കെ.എം.മിജാസിന് കൈമാറിയിരുന്നു. കവിത ജ്വല്ലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രി കെ.ടി.ജലീലിന് ജ്വല്ലറി മാനേജ്മെന്റ് ഒരു ഉപഹാരം സമ്മാനിക്കുകയാണ് എന്ന പ്രഖ്യാപനത്തോടെ ഒരു കവര്‍ നല്‍കി.

അവിടെവെച്ചുതന്നെ കവര്‍ തുറന്നുനോക്കിയ മന്ത്രി കെ.ടി.ജലീല്‍ കണ്ടത് നല്ലൊരു വജ്രമോതിരം. ജ്വല്ലറി മാനേജ്മെന്റ് സന്തോഷത്തോടെ തനിക്ക് സമ്മാനിച്ച വജ്രമോതിരം കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന് കൊടുക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍ അവിടെ വെച്ച് തന്നെ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

Related posts