ഊബര്‍ ഈറ്റ്‌സ് ഡെലിവറി ജീവനക്കാരനെ ഇടപ്പള്ളിയിലെ താല്‍ റെസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് വി.ടി ബല്‍റാം എംഎല്‍എ, പോലീസ് മുതലാളിക്കൊപ്പം നിന്നപ്പോള്‍ ജവഹറിനായി സോഷ്യല്‍മീഡിയ രംഗത്ത്

കൊച്ചി ഇടപ്പള്ളിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ ഇയാള്‍ ജോലി ചെയ്തിരുന്ന റെസ്‌റ്റോറന്റിന്റെ ഉടമയും സഹായികളും ചേര്‍ന്ന് മൃഗീയമായി മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിക്ക് ക്രൂരമര്‍ദനം. സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ജവഹര്‍ കാരാടിനാണ് ഇടപ്പള്ളി താല്‍ റെസ്റ്റോറന്റിന്റെ മുതലാളിയുടെ മര്‍ദനം ഏല്‌ക്കേണ്ടി വന്നത്. വിഷയത്തില്‍ വി.ടി. ബല്‍റാം എംഎല്‍എ ഇടപ്പെട്ടതോടെ സോഷ്യല്‍മീഡിയയില്‍ സംഭവം ആളിക്കത്തിയിട്ടുണ്ട്. കളമശേരി പോലീസില്‍ പരാതി നല്കിയെങ്കിലും അന്വേഷണം ഫലപ്രദമല്ലെന്ന ആരോപണം ശക്തമാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. താല്‍ റസ്റ്റോറന്റില്‍ നിന്ന് ഊബര്‍ ഈറ്റ്സില്‍ ബിരിയാണിക്ക് ഓര്‍ഡര്‍ കിട്ടിയ ജവഹര്‍ അവിടേക്ക് എത്തുമ്പോള്‍ ഹോട്ടലിലെ മുന്‍വശത്തുള്ള റോഡിലിട്ട് ഒരാളെ മര്‍ദ്ദിക്കുന്ന രംഗം ആണ് കാണുന്നത്. നിരവധി ആളുകള്‍ ഇത് കൂടിനിന്ന് കാണുന്നുണ്ടെങ്കിലും ആരും പിടിച്ചുവെക്കാന്‍ തയ്യാറാകുന്നില്ല. ഈ സമയത്താണ് ജവഹര്‍ വിഷയത്തില്‍ ഇടപെടുന്നത്. മര്‍ദ്ദിക്കുന്ന ആളെ പിടിച്ചു വെച്ചു കൊണ്ട് വിഷയം അവസാനിപ്പിച്ചു. തുടര്‍ന്ന് ഹോട്ടലിലേക്ക് കയറി ഓഡര്‍ ഡെലിവറിക്ക് ആളെത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ഒപ്പം കൗണ്ടറില്‍ ഉണ്ടായിരുന്ന ജീവനക്കാരനോട് ഹോട്ടലിന് മുന്നില്‍ നടക്കുന്ന സംഭവത്തില്‍ നിങ്ങളെന്താ ഇടപെടാത്തത് എന്ന് ആരാഞ്ഞു

ഹോട്ടലിലെ ജീവനക്കാരനെ മര്‍ദ്ദിച്ച ഉടമയുടെ ഇളയമകന്‍ എത്തി ജവഹറിനോട് തട്ടിക്കയറിയത്. 40 ലക്ഷം രൂപ ചെലവിട്ട് ഞാനുണ്ടാക്കിയ ഹോട്ടലില്‍ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടാ ചോദിക്കാന്‍ എന്നു പറഞ്ഞുകൊണ്ടായിരുന്നു ജവഹറിനോട് ആക്രോശിച്ചത്. ഒരു പാവം മനുഷ്യനെ വഴിയിലിട്ട് തല്ലുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന പ്രതികരണം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ജവഹര്‍ പറഞ്ഞു. ആരെ തല്ലുന്നത് കണ്ടാലും നി പ്രതികരിക്കുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു തുടര്‍ന്നുള്ള പ്രകോപനം. തുടര്‍ന്ന് മര്‍ദനവും നടന്നെന്നാണ് ജവഹറിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

സുഹൃത്തായ സുരേഷ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിവരം പുറംലോകം അറിയുന്നത്. സുരേഷിന്റെ പോസ്റ്റ് ഇങ്ങനെ- ജവഹര്‍ കാരടിനെ സഹൂഹമാധ്യമങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും പരിചയമുണ്ടാവും. വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍മൊക്കെ മുന്‍പന്തിയില്‍ നിന്ന ചെറുപ്പക്കാരനാണ്. ഇപ്പോഴും പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനും വീടുപണിക്കും ഒക്കെ ഞങ്ങളോടൊപ്പം ഏറ്റവും അധികം ഉത്സാഹത്തോടെ നില്‍ക്കുന്ന ചെറുപ്പക്കാരന്‍. മലപ്പുറം ജില്ലയില്‍ നിന്നും തൊഴില്‍ തേടി കൊച്ചിയില്‍ വന്നതാണ് ജവാഹിര്‍. ഇപ്പോള്‍ ഊബര്‍ ഈറ്റ്‌സിന്റെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജവാഹറിനു ഇടപ്പള്ളി മരോട്ടിച്ചോടുള്ള താള്‍ റെസ്റ്റോറന്റില്‍ (Thaal Restaurant) വച്ച് മൃഗീയമായി മര്‍ദ്ദമേറ്റു. ഇപ്പോള്‍ ഗുരുതര പരിക്കുകളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരിക്കുകയാണ് ജവാഹിര്‍. റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേര്‍ന്നാണ് മര്‍ദ്ദനം അഴിച്ചു വിട്ടത്. ജവഹറിന്റെ ദേഹമാസകലം ചതവും നീര്‍കെട്ടുമുണ്ട്, കഴുത്തിനും തോളിനും സാരമായ പരിക്കുണ്ട്, ഇയര്‍ ഡ്രമ്മിനു തകരാറുണ്ട്, രണ്ടു ചെവിക്കുള്ളിലും നീര്‍ക്കെട്ട് ഉണ്ട്. പത്തോളം ആളുകള്‍ റസ്റ്റൊറന്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അര മണിക്കൂറോളം തടഞ്ഞു വച്ച് മര്‍ദ്ദീക്കുകയായിരുന്നു. കൂടാതെ ജവാഹറിന്റെ മൊബൈല് ഫോണ്‍ തകര്‍ക്കുകയും ടൂ വീലറിന്റെ ചാവി പിടിച്ചു വാങ്ങുകയും ചെയ്തു.

ഇത്രയും വലിയ ഒരു കയ്യേറ്റം ഉണ്ടാവാനായി ഈ ചെറുപ്പക്കാരന്‍ ചെയ്ത തെറ്റ് ഒരു ഓര്‍ഡര്‍ എടുക്കാനായി അവിടെ ചെന്നപ്പോള്‍ റസ്റ്റോറന്റ് ഉടമ ഒരു തൊഴിലാളിയെ കടയുടെ മുന്നില് നടുറോഡിലിട്ടു മര്‍ദ്ദിക്കുന്നത് കണ്ടു എന്താണ് കാര്യമെന്ന് ചോദിച്ചതാണ്. നാല്‍പ്പതു ലക്ഷം രൂപ മുടക്കി ഞാനിട്ട കടയില് എന്റെ ജോലിക്കാരെ എനിക്കിഷ്ടമുള്ളത് ചെയ്യും, നീയാരാടാ ചോദിയ്ക്കാന്‍ എന്ന് പറഞ്ഞു ജവാഹറിനെ ആക്രമിക്കുകയായിരുന്നു. ഇതിനു ദൃക്‌സാക്ഷികള് ഉണ്ട്, കടയിലെ പരിസരത്തെ സി.സി.ടീവി ദൃശ്യങ്ങള്‍ പരിശോധിച്ചാലും വാസ്തവം വെളിവാകും. ഞങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് ഈ റസ്റ്റോറന്റിലെ സ്ഥിരം സംഭവമാണ് എന്നാണു പരിസര വാസികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

ഇഷ്ടക്കേട് തോന്നിയാല്‍ കസ്റ്റമേഴ്‌സിനെയും തൊഴിലാളികളെയും ഇവര്‍ കൈകാര്യം ചെയ്യും. പോലീസില്‍ അന്വേഷിച്ചപ്പോഴും ഇവര്‍ക്കെതിരെ സമാനമായ നിരവധി പരാതികള്‍ മുന്‍പും കിട്ടിയിട്ടുണ്ട്, പക്ഷെ കാര്യമായ ആക്ഷന് ഒന്നും തന്നെ എടുത്തിട്ടില്ല എന്നു മനസിലായി. ഇവിടെയും മലപ്പുറത്ത് നിന്നും തൊഴിലന്വേഷിച്ച് വന്ന ഒരു സാധു പയ്യന്‍, ഊബര് ഈറ്റ്‌സിന്റെ ഡെലിവറി ബോയ്, തല്ലും വാങ്ങി മിണ്ടാതെ പൊയ്‌ക്കോളും എന്ന് കരുതി നടത്തിയ ഒരു കയ്യേറ്റമാണ് ഇത്. ഇനിയിവിടെ കണ്ടുപോകരുത്, കൊച്ചി വിട്ടു പോയ്‌കൊള്ളണം. എന്ന് ശക്തമായ താക്കീതും നല്കിയയാണ് ഇവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്.

രാത്രി രണ്ടുമണി വരെ തുറന്നു പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍ ആണിത്. കൊച്ചിയിലെ കടകള് സാധാരണ രാത്രി പതിനൊന്നിനു അടയ്ക്കാറുള്ളതാണ്, രണ്ടുമണി വരെ തുറന്നിരിക്കാന്‍ ഇവര്‍ക്ക് എന്തോ പ്രത്യേക അനുവാദമുണ്ട്. അതിഥി തൊഴിലാളികള് അടക്കമുള്ള തൊഴിലാളികളെ മര്‍ദ്ദിക്കാന്‍ വരെ അവര്‍ക്ക് അവകാശമുണ്ട് എന്ന് അവരുടെ തന്നെ വാക്കുകളില്‍ നിന്നും കേട്ടതാണ്. ഇവര്‍ക്ക് പൊതുജനങ്ങളെയും കയ്യേറ്റം ചെയ്യാം. എവിടെയാണിത് നടക്കുന്നത്, എന്ത് തരം നിയമവാഴ്ചയാണ് ഇവിടെയുള്ളത്?

പശിയടക്കാനായി ഏതു നരകവും കടന്നു പോകുന്നവനാണ് മലയാളി. തൊഴിലന്വേഷിച്ചു കൊച്ചിയിലെത്തുന്ന പിള്ളേര്‍ക്ക് നേരെ ഇത്തരം കയ്യേറ്റങ്ങള്‍ അനുവദിക്കാവുന്നവയല്ല, അവര്‍ എത്ര ശക്തരായിരുന്നാലും നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണ്. പരാതി പോലീസ് അധികാരികളുടെ മുന്നില്‍എത്തിയിട്ടുണ്ട്.

Related posts