ന്യൂഡൽഹി: ഇറാനെതിരേ ആമേരിക്കൻ ആക്രമണം ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ അന്തിമ ഉത്തരവു നൽകിയിട്ടില്ലെങ്കിലും ഏതു നിമിഷവും ആക്രമണത്തിനു തയാറായിരിക്കാൻ വൈറ്റ് ഹൗസ് സൈന്യത്തിനു നിർദ്ദേശം നൽകിയതായി സിഎൻഎൻ, സിബിഎസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ അമേരിക്ക വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ പതിമൂന്നു യുദ്ധക്കപ്പലുകളാണ് മേഖലയിൽ സർവസജ്ജമായി നിലയുറപ്പിച്ചിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നു പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും മേഖലയിലുണ്ട്. എഫ്-22 റാപ്റ്റർ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, എഫ്-15, എഫ്-16 പോർവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യോമസേനയും സുസജ്ജമായി മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
സൈന്യം സർവ സജ്ജമാണെങ്കിലും ആക്രമണത്തിന്റെ കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് വിവരം. സൈനിക നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും തന്റെ ഉപദേശകരുമായി ട്രംപ് ചർച്ചകൾ നടത്തുന്നുണ്ട്.
ആണവ കരാറുമായി ബന്ധപ്പെട്ട് ട്രംപ്, ഇറാനു മേൽ കടുത്ത സമ്മർദ്ദം ചെലുത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ നയതന്ത്ര ചർച്ചകളിലൂടെ പുതിയൊരു കരാർ ഉണ്ടാക്കാൻ സാധിക്കുമോ എന്നാണ് ട്രംപ് ഇപ്പോൾ ആലോചിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആണവ തർക്കം ഉൾപ്പെടെ ആറോളം പ്രധാന കാരണങ്ങളാണ് ഇറാനെതിരേ ആക്രമണത്തിന് ട്രംപിനെ പ്രേരിപ്പിക്കുന്നത്. ഇറാനുമായുള്ള ആണവ ചർച്ചകൾ ജനീവയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലാത്തത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇറാൻ ഉടമ്പടിക്കു തയാറാകുന്നതാണ് ഉചിതമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കിയിരുന്നു. ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട നിലപാടിനെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിഷേധക്കാരെ സഹായിക്കാൻ അമേരിക്കൻ സൈന്യം രംഗത്തിറങ്ങുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് ഇസ്രയേൽ പൂർണ പിന്തുണയും നൽകുന്നുണ്ട്.
ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ആഭ്യന്തര പ്രതിഷേധങ്ങൾ കാരണം ഭരണകൂടം ദുർബലമാണെന്നും അതിനാൽ പ്രതിരോധം പരിമിതമായിരിക്കുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ വിശ്വസിക്കുന്നു.
