ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവൻ പോകാൻ! പ്രളയം രൂക്ഷമായ സാഹചര്യത്തിൽ വൈദ്യുതി അപകടം ഒഴിവാക്കാൻ കെഎസ്ഇബിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം രൂക്ഷമായ സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട് മുൻകരുതൽ വേണമെന്ന് കെഎസ്ഇബി.

1. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ, പോസ്റ്റുകൾ, ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.

2. ഇലക്ട്രിക് ലൈനുകളിലും ട്രാൻസ്ഫോർമറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ഓഫീസിൽ അറിയിക്കണം.1912 എന്ന ട്രോൾ ഫ്രീ നന്പരിലും 9496001912 എന്ന വാട്സ് ആപ്പ് നന്പരിലും ഇത് അറിയിക്കാവുന്നതാണ്.

3. ലൈനുകളിൽ മുട്ടി നിൽക്കുന്നതും, ലൈനിന് വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പർശിച്ചാൽ അപകടസാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽ വന്നാൽ ഉടൻ വൈദ്യുതി ബോർഡിനെ അറിയിക്കുക.

4. പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുന്പോൾ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കന്പി പൊട്ടിവീണിരിക്കുവാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകൾ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

5. കെട്ടിടത്തിനകത്തും പുറത്തും നൽകിയിരിക്കുന്ന മുഴുവൻ താൽക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകൾ, ലൈറ്റുകൾ, മറ്റുപകരണങ്ങൾ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടൻ തന്നെ വിച്ഛേദിക്കണം.

6. ജനറേറ്ററുകൾ, ഇൻവർട്ടറുകൾ, എന്നിവ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം പ്രവർത്തിപ്പിക്കുക. ആവശ്യമെങ്കിൽ പ്രവർത്തിക്കുന്പോൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക.

7. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ തറനിരപ്പിൽ വെള്ളം കയറുന്നതിനു മുൻപായി തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ട് കണക്ഷൻ വിച്ഛേദിക്കുക.

8. മൊബൈലും, ചാർജിംഗ് ലൈറ്റും ഉൾപ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങൾ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.

9. ഓർക്കുക, കുറച്ച് ദിവസങ്ങൾ വൈദ്യുതി ഇല്ലെങ്കിലും നമുക്ക് തുടർന്ന് ജീവിക്കാൻ സാധിക്കും. പക്ഷേ ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവൻ പോകാൻ. സ്വയം കരുതിയിരിക്കുക.

Related posts