ചെറുതോണി: ജില്ലാ ആസ്ഥാനത്ത് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ ആരംഭിച്ചതോടെ ലാഭത്തിൽ സർവീസ് നടത്തിയിരുന്ന മണിയാറൻകുടി-കോട്ടയം റൂട്ട് നഷ്ടത്തിലാക്കാൻ നീക്കമെന്ന് ആക്ഷേപം. 1993 മുതൽ മുടങ്ങാതെ സർവീസ് നടത്തിയിരുന്ന റൂട്ടാണ് അധികൃതർ മനഃപൂർവം നഷ്ടത്തിലാക്കാൻ നീക്കം നടത്തുന്നത്. പി.പി. സുലൈമാൻ റാവുത്തർ എംഎൽഎ ആയിരുന്നപ്പോഴാണ് മണിയാറൻകുടിയിൽനിന്നു കോട്ടയത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചത്. അടുത്ത കാലംവരെ ചെറുതോണിയിൽനിന്ന് തൊടുപുഴയ്ക്കുള്ള ആദ്യബസായിരുന്നു ഇത്.
മണിയാറൻകുടിയിൽനിന്ന് ചെറുതോണിയിലെത്തുമ്പോഴേക്കും ബസിലെ സീറ്റെല്ലാം യാത്രക്കാരാൽ നിറയുമായിരുന്നു. നിരവധി പേർ ബസിൽ നിന്നും യാത്ര ചെയ്തിരുന്നു. ലാഭത്തിൽ മാത്രം ഓടിയിരുന്ന ബസ് ചെറുതോണിയിൽ ഓപ്പറേറ്റിംഗ് സെന്റർ ആരംഭിച്ചതു മുതൽ യാത്ര മുടക്കുകയാണ്. രാത്രി 7.45ന് മണിയാറൻകുടിയിലെത്തി അവിടെ പാർക്ക് ചെയ്ത് പിറ്റേന്ന് രാവിലെ 5.50ന് സർവീസ് ആരംഭിച്ചിരുന്ന ബസാണ് ഇപ്പോൾ പലപ്പോഴും മണിയാറൻകുടിക്കെത്താതായിരിക്കുന്നത്.
ഇപ്പോൾ രാത്രി എത്തിയാൽതന്നെ യാത്രക്കാരെ ഇറക്കിയശേഷം കാലിയായി ചെറുതോണിക്ക് തിരികെ പോകും. രാവിലെ 5.30ന് വീണ്ടും മണിയാറൻകുടിയിൽ എത്തി സർവീസ് ആരംഭിക്കും. ദിവസം 15 കിലോമീറ്ററോളം യാത്രക്കാരില്ലാതെ സർവീസ് നടത്തി നഷ്ടം വരുത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ദിവസങ്ങളായി ബസ് മണിയാറൻകുടിക്കെത്താതെ വന്നതോടെ തിങ്കളാഴ്ച വാഴത്തോപ്പ് പഞ്ചായത്തംഗങ്ങളായ സിബി തകരപ്പിള്ളിൽ, രവി സുധാകരൻ എന്നിവർ ചെറുതോണി ഓപ്പറേറ്റിംഗ് സെന്ററിലെത്തി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു. ഇതേത്തുടർന്ന് വീണ്ടും ബസ് മണിയാറൻകുടിയിലെത്തി. സ്ഥിരമായി ഇതേ ബസിൽ രാവിലെയും രാത്രിയും യാത്ര ചെയ്തിരുന്ന മണിയാറൻകുടി ഭാഗത്തേക്കുള്ള യാത്രക്കാരാണ് ബസ് സർവീസ് മുടക്കുന്നതോടെ ദുരിതത്തിലായത്.
