പരവൂർ: രാജ്യത്ത് മൊബൈൽ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസത്തിൽ നിന്ന് 30 ദിവസത്തിലേക്കോ ഒരു കലണ്ടർ മാസത്തിലേക്കോ വർധിപ്പിക്കാൻ ടെലികോം കമ്പനികൾക്ക് മേൽ കേന്ദ്ര സർക്കാർ സമ്മർദ്ദം ശക്തമാക്കുന്നു. ഇക്കാര്യത്തിൽ നിലപാട് കർശനമാക്കാൻ ടെലികോം റഗുലോറ്റി അതോറിറ്റി ഒഫ് ഇന്ത്യയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ വിവിധ കമ്പനികൾ 30 ദിവസത്തെ പ്ലാനുകൾ നൽകുന്നുണ്ടെങ്കിലും, 28 ദിവസത്തെ പ്ലാനുകളാണ് വിപണിയിൽ കൂടുതലായി പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ഉപഭോക്താക്കൾക്ക് പ്രതിവർഷം ഒരു മാസത്തെ അധിക റീചാർജ് ബാധ്യത വരുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് നടപടി.
നിലവിൽ ജിയോ, ഭാരതി എയർടെൽ തുടങ്ങിയ പ്രമുഖ കമ്പനികൾ 319 രൂപയ്ക്ക് ഒരു കലണ്ടർ മാസം വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം ഉപഭോക്താക്കളും ഇപ്പോഴും 299 രൂപയുടെ 28 ദിവസത്തെ പ്ലാനുകളെയാണ് ആശ്രയിക്കുന്നത്. വാലിഡിറ്റി വർധിപ്പിക്കുന്നത് പ്ലാനുകളുടെ നിരക്ക് കൂടാൻ കാരണമാകുമെന്നും ഇത് സാധാരണക്കാർക്ക് ബാധ്യതയാകുമെന്നുമാണ് ടെലികോം കമ്പനികളുടെ പക്ഷം. എന്നാൽ ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് എല്ലാ കാലയളവിലുമുള്ള പ്ലാനുകൾ ലഭ്യമാക്കണമെന്ന് ട്രായ് നേരത്തെ തന്നെ നിർദേശിച്ചിരുന്നു.
റീചാർജ് കാലാവധി കഴിഞ്ഞാലും ഒരു വർഷത്തേക്ക് ഇൻകമിംഗ് കോളുകൾ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ ഒരു നമ്പർ സജീവമായി നിലനിർത്താൻ കമ്പനികൾക്ക് അധികച്ചെലവ് വരുന്നുണ്ടെന്നും നമ്പറുകളുടെ ലഭ്യതക്കുറവുണ്ടെന്നും വിവിധ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഇൻകമിംഗ് സേവനങ്ങൾക്ക് മാത്രമായി കുറഞ്ഞ നിരക്കിൽ പ്ലാനുകൾ അവതരിപ്പിക്കാനുള്ള സാധ്യത ട്രായ് പരിശോധിച്ചേക്കും. നിലവിലെ നിയമപ്രകാരം, തുടർച്ചയായി 90 ദിവസം ഉപയോഗിക്കാതിരുന്നാൽ മാത്രമേ ഒരു പ്രീപെയ്ഡ് കണക്ഷൻ റദ്ദാക്കാൻ പാടുള്ളൂ.
