തച്ചങ്കരി പോയതോടെ മാസാവസാനം ശമ്പളം എന്ന പരിപാടി നിലച്ചു ! സര്‍ക്കാരിനോട് 50 കോടി ചോദിച്ചിട്ട് കിട്ടിയത് 20 കോടി മാത്രം; തൊഴിലാളികള്‍ക്ക് പണം കൊടുക്കാന്‍ പുതിയ വഴികള്‍ തേടി കെഎസ്ആര്‍ടിസി…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ കൈമെയ് മറന്നു പരിശ്രമിച്ച ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയതോടെ എല്ലാം പഴയപടിയായി. കാല്‍നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ മാസമാണ് സ്വന്തം വരുമാനത്തില്‍ നിന്നും കോര്‍പറേഷന്‍ ശമ്പളം നല്‍കിയത്. കെംഎസ്ആര്‍ടിസി നിയമപ്രകാരം മാസത്തിലെ അവസാന ദിവസമാണ് ശമ്പളം കൊടുക്കേണ്ടത്. ടോമിന്‍ തച്ചങ്കരി എംഡി ആയിരുന്ന കഴിഞ്ഞ 10 മാസക്കാലം മാസാവസാനദിവസം തന്നെ മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം കൃത്യമായി നല്‍കിയിരുന്നു. കൂടാതെ, കഴിഞ്ഞ രണ്ടുമാസം ഹൈക്കോടതി വിധിപ്രകാരം ജീവനക്കാരില്‍നിന്നു പിടിക്കുന്ന എന്‍ഡിആര്‍, പിഎഫ്., എല്‍ഐസി തുടങ്ങിയവയും അവര്‍ക്ക് മാസാവസാനം നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം അവസാന ദിവസം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടില്ലെന്നാണ് സൂചന.

എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കുമെന്ന് തച്ചങ്കരി എംഡിയായിരുന്നപ്പോള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്താല്‍ തച്ചങ്കരി പുറത്തായതോടെ എല്ലാം അവതാളത്തിലായി. എല്ലാം ഭദ്രമാണന്ന് കാട്ടാന്‍ വരും മാസങ്ങളില്‍ ശമ്പളം മുടങ്ങില്ല എന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനോട് അമ്പതു കോടിയുടെ ധനസഹായം ആവശ്യപ്പെടുകയാണ് പിന്നീടുണ്ടായത്. അതില്‍ ഇരുപതുകോടി ധനസഹായം സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. എന്നിട്ടും ബാക്കി തുക കണ്ടെത്താന്‍ കോര്‍പറേഷനായില്ല. ഇതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.

മാസശമ്പളം കൂടാതെ നിര്‍ബന്ധമായും അടക്കേണ്ടിയിരുന്ന പ്രൊഫണല്‍ ടാക്‌സ് (5 കോടി) എന്‍ഡിആര്‍, പിഎഫ്, എല്‍ഐസി (12.5 കോടി) പെന്‍ഷന്‍ പ്രോസസിങ്ങിനുള്ള 4 കോടി എന്നിവയൊന്നും ഈ മാസം ഒട്ടും നല്‍കാന്‍ സാധിക്കില്ല. കൂടാതെ സ്‌പെയര്‍ പാര്‍ട്‌സും സപ്ലയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും മറ്റും മാസംതോറും കുറേശ്ശേയായി നല്‍കിക്കൊണ്ടിരുന്ന തുകയിലും ഒറ്റ പൈസപോലും നല്കാനായിട്ടില്ല. തച്ചങ്കരി പടിയിറങ്ങിയതിന്റെ പിറ്റേ ദിവസം മുതല്‍ 50 ലക്ഷം മുതല്‍ ഒരു കോടി രൂപയുടെ കുറവാണ് വരുമാനത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സര്‍വീസ് നടത്തുന്ന കിലോമീറ്ററുകള്‍ കൂടുകയും ചെയ്തു. വരുമാനം കുറഞ്ഞതിനേക്കാളുപരി ചെലവുകള്‍ വര്‍ധിച്ചത് പിന്നെയും തിരിച്ചടിയായി. അദര്‍ ഡ്യൂട്ടികള്‍ പുനഃസ്ഥാപിച്ചതോടെ ഓപ്പറേറ്റിംഗ് ജീവനക്കാരുടെ എണ്ണം കുറഞ്ഞു. കൂട്ടത്തോടെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സ്ഥാനക്കയറ്റം നല്‍കിയതുമൂലം ചെലവ് കൂടി. ഇതു മാത്രമല്ല, ബസ്സില്‍ ഡ്യൂട്ടി ചെയ്യേണ്ട ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. തന്മൂലം കൂടുതല്‍ ബസുകള്‍ ഓടാതിരിക്കുകയും, ഓടുന്ന ബസ്സുകളില്‍ ഓവര്‍ടൈം ഡബിള്‍ ഡ്യൂട്ടികള്‍ നല്‍കുകയും ചെയ്തു.

നിയമപരമല്ലാത്ത കോണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ മുതലായ, നേതാക്കന്മാരുടെ സുഖജീവിതത്തിനുള്ള തസ്തികകളെല്ലാം പുനഃസ്ഥാപിക്കപ്പെട്ടു. പെന്‍ഷന്‍കാരുടെ കാര്യവും കഷ്ടം തന്നെ. കൃത്യസമയത്തു പെന്‍ഷനായി നല്‍കേണ്ട കണക്കുകള്‍ സഹകരണബാങ്കുകളിലേക്ക് കോര്‍പറേഷന്‍ നല്‍കാത്തതിനാല്‍ പെന്‍ഷന്‍ വിതരണവും മുടങ്ങുന്നു. യൂണിയന്‍ നേതാക്കള്‍ ചീഫ് ഓഫീസിന്റെ ഭരണം കൈയടക്കിയതോടെയാണ്് കാര്യങ്ങള്‍ അവതാളത്തിലായത്. മാനേജ്മന്റ് ചെയ്യേണ്ട കാര്യങ്ങളിലെല്ലാം നേതാക്കളാണ് തീരുമാനമെടുക്കുന്നത്. പൊതുജനങ്ങളും വലിയൊരു വിഭാഗം ജീവനക്കാരും കൈയടിച്ച് സ്വീകരിച്ച് കോര്‍പറേഷനിലെ പരിഷ്‌കാരങ്ങള്‍ തച്ചങ്കരിയുടെ പടിയിറക്കത്തോടെ അവതാളത്തിലായി. ഇതോടെ അടിവച്ചടി വച്ച് കയറിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിയുടെ വളര്‍ച്ച വീണ്ടും പടവലങ്ങ പോലെയായി.

തച്ചങ്കരിയുടെ കാലത്ത് ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ തച്ചങ്കരിയുമായി അത്രരസത്തിലല്ലായിരുന്നു. അതിനാല്‍ തന്നെ കോര്‍പറേഷന് നല്‍കേണ്ട തുക അകാരണമായി പിടിച്ചുവയ്ക്കുന്ന പതിവുമുണ്ടായിരുന്നു. എന്നാല്‍, തച്ചങ്കരി മാറിയതോടെ, ജ്യോതിലാല്‍ നല്ല കുട്ടിയായി. കെടിഡിഎഫ്‌സിയുടെ കുടിശികയും ജ്യോതിലാലിന് പ്രശനമില്ലാതായി. ഫെബ്രുവരിയിലെ ശമ്പളം നല്‍കാനായി 20 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കി. വ്യാഴാഴ്ചയാണ് ശമ്പളം നല്‍കേണ്ടത്. 90 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ വേണ്ടത്. എന്നാല്‍, വരുമാനം കുറഞ്ഞതോടെ ശമ്പളം വൈകുന്ന സ്ഥിതിയാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ പുതിയ വഴികള്‍ തേടേണ്ട അവസ്ഥയിലാണ് കെഎസ്ആര്‍ടിസി.

Related posts