ഒറ്റപ്പാലം: തകർന്നുവീഴാറായ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന് ശാപമോക്ഷം ഇപ്പോഴും അകലെ. കഴിഞ്ഞ 6 മാസമായി ഈ ദേശീയ സ്മാരകം കൊട്ടി അടച്ചിരിക്കുകയാണ്. വിശ്വമഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജനിച്ച കലക്കത്തുഭവനത്തിനാണ് ഈ ദുർഗതി.
കാലപ്പഴക്കംമൂലം ബലക്ഷയം നേരിട്ടതു മൂലമാണ് കുഞ്ചന്റെ ജന്മഗൃഹം അടച്ചിട്ടത്. തകർച്ചാഭീഷണി നേരിടുന്നതിനാലാണ് സന്ദർശകർക്ക് ഇവിടേക്ക് വിലക്കേർപ്പെടുത്തിയത്. ഇതൊന്നുമറിയാതെ സ്മാരകം കാണാനെത്തുന്നവർ ഇപ്പോഴും നിരവധിയാണ്. സാംസ്കാരികവകുപ്പിനു കീഴിലുള്ള സ്മാരകത്തിലെ നവീകരണപ്രവർത്തനം ഇപ്പോഴും തുടങ്ങിയിട്ടില്ല.
ജന്മഗൃഹത്തിലെ വാതിലും ജനലും അടയ്ക്കാനാകാത്ത നിലയിലാണ്. പലയിടത്തും ചിതൽകയറി. മേൽക്കൂരയ്ക്ക് തകർച്ചയുള്ളതിനാൽ മഴ പെയ്താൽ ചോർച്ചയാണ്. 400 വർഷമാണ് കലക്കത്ത് ഭവനത്തിന്റെ പഴക്കം. മണ്ണും ഉമിയും ചേർത്ത മിശ്രിതത്തിലായിരുന്നു അന്നത്തെ നിർമാണം.
സന്ദർശകരെ അനുവദിച്ചാൽ അപകടസാഹചര്യമാണെന്ന് മനസിലാക്കിയാണ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. ഇത് അറിയിച്ച് പഠിപ്പുരയ്ക്ക് മുമ്പിൽ നോട്ടീസും പതിപ്പിച്ചു.
പിന്നീട് നവീകരിക്കാൻ ആദ്യ ഗഡു അനുവദിച്ചെങ്കിലും ഇപ്പോഴും പണി തുടങ്ങിയിട്ടില്ല. അപകടാവസ്ഥയിലായിരുന്നെങ്കിലും വിദ്യാരംഭം ചടങ്ങുകളെല്ലാം സ്മാരകത്തിൽ നടത്തിയിരുന്നു. എന്നാൽ ജന്മഗൃഹത്തിലേക്ക് ആർക്കും പ്രവേശനമില്ലെന്നതാണ് സ്ഥിതി. പടിപ്പുരയും ജന്മഗൃഹവും അക്കാലത്തുണ്ടായിരുന്ന മിഴാവും കാത്തുസൂക്ഷിക്കുന്ന കെടാവിളക്കുമാണ് സന്ദർശകർക്കായുള്ളത്.
കെടാവിളക്കെല്ലാം ഇപ്പോഴും കെടാതെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ പഠനം നടത്താൻ ഗവേഷകർക്കുൾപ്പെടെ ഇവിടേക്ക് പ്രവേശിക്കാനാകില്ല. നവീകരണം പൂർത്തിയായി സുരക്ഷ ഉറപ്പായാലേ ഇനി സന്ദർശകരെ അനുവദിക്കൂവെന്നാണ് സ്മാരകം ഭരണസമിതി പറയുന്നത്. എന്നാൽ അത് എപ്പോഴാണെന്ന ചോദ്യത്തിന് ഉത്തരമില്ല.
