കോഴിക്കോട്: വില്പനക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി ആരോത്ത് വീട്ടില്‍ മുഹമ്മദ് മിഖ്ദാദ് അബൂബക്കര്‍ എന്ന മിക്കു (33), ചേളന്നൂര്‍ കണ്ണങ്കര സ്വദേശി പള്ളിയറ പൊയില്‍ വീട്ടില്‍ യു.എം.ജാഫര്‍ സാദിഖ് (29) എന്നിവരാണ് അറസ്റ്റിലായത്.
സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേവായൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്.
പ്രതികള്‍ സഞ്ചരിച്ച ബൊലേറോ കാറിന്റെ ഗിയര്‍ ലിവറിന് സമീപം സിപ് ലോക്ക് കവറില്‍ സൂക്ഷിച്ച് വച്ച 71.170 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. പ്രതികള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും വാടകയ്ക്കും പണയത്തിനും മറ്റും ആഡംബര കാറുകള്‍ എടുത്ത് ബംഗളൂരുവില്‍ നിന്നും സ്ഥിരമായി എംഡിഎംഎ വില്പന നടത്തുന്നവരാണെന്നും പോലീസ് പറഞ്ഞു.
മുഹമ്മദ് മിഖ്ദാദ് അബൂബക്കര്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത് ഹൈലൈറ്റ് മാള്‍, തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷന് സമീപത്തുള്ള വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്. കോഴിക്കോട് സിറ്റി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരില്‍ എറ്റവും പ്രധാനിയാണ് ഇയാളെന്നും പോലീസ് അറിയിച്ചു.
ജാഫര്‍ സാദിഖ് സ്ഥിരം മയക്കുമരുന്ന് വില്‍പ്പനക്കാരനാണ്. ഇയാള്‍ക്കെതിരേ മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്. പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ചേവായൂര്‍ പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികള്‍ ആരില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും ആര്‍ക്കെല്ലാമാണ് വില്‍ക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്.
