അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ പാകിസ്ഥാൻ വംശജനായ യുവ സംരംഭകൻ ഫർസ മജീദ് ബോളിവുഡ് എവർഗ്രീൻ ക്ലാസിക് ചിത്രമായ 3 ഇഡിയറ്റ്സ് സൗജന്യമായി പ്രദർശിപ്പിക്കുന്നതിനായി തിയേറ്റർ വാടകയ്ക്കെടുത്തതാണ് വാർത്തകളിൽ ഇടംനേടുന്നത്.
സാൻ ഫ്രാൻസിസ്കോയിലെ പ്രശസ്തമായ മറീന തിയറ്ററിലെ 250 സീറ്റുകളുള്ള ഒരു ഹാൾ ആണ് മെയ് 24ലെ പ്രത്യേക ഷോയ്ക്കായി അദ്ദേഹം ബുക്ക് ചെയ്തിരിക്കുന്നത്. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഫർസ വിവരം പങ്കുവച്ചത്. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ഒരു വഴിത്തിരിവിനായി കാത്തിരിക്കുന്നവർക്കും, പ്രചോദനം ആവശ്യമുള്ളവർക്കും, അല്ലെങ്കിൽ ഒരുമിച്ചിരുന്ന് നന്നായി ചിരിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് തിയറ്റർ വാടകയ്ക്കെടുത്ത് ഈ പ്രദർശനം ഒരുക്കുന്നതെന്നും ഫർസ മജീദ് വ്യക്തമാക്കുന്നത്.
സ്വന്തം ജീവിതത്തിൽ എന്തുചെയ്യണം എന്ന് ആശയക്കുഴപ്പത്തിലായ 3 സുഹൃത്തുക്കളുടെ മനോഹരമായ കഥയാണ് ഈ സിനിമ പറഞ്ഞുവയ്ക്കുന്നത്. തന്റെ ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിൽ തന്നെ വ്യക്തിപരമായി ഏറെ സ്വാധീനിക്കുകയും റീചാർജ് ചെയ്യാൻ സഹായിക്കുകയും ചെയ്ത ചിത്രമാണിത്.തന്നെപ്പോലെ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്കും ഈ ചിത്രം ഒരു വലിയ പ്രചോദനവും ആശ്വാസവും നൽകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
മേയ് 24ന് 12:30 മുതൽ വൈകുന്നേരം 4:00 വരെ പ്രദർശന സമയം. ഒരാൾക്ക് ഒരു ടിക്കറ്റ് എന്ന പരിധിയിൽ വെറും $10 ഡോളർ മാത്രമാണ് ഈടാക്കുന്നത്. സവിശേഷത: സിനിമ കാണാത്തവർക്ക് ഇത് കാണാൻ മികച്ച അവസരമായിരിക്കുമെന്നും, ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെയാണ് ചിത്രം പ്രദർശിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. പാക് സംരംഭകന്റെ ഈ അപൂർവ്വവും മാതൃകാപരവുമായ നീക്കത്തെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ആളുകൾ അഭിനന്ദിക്കുന്നത്.
