മണ്ടവെട്ടി സായ്പ്പിന്റെ പ്രേതം അലഞ്ഞു തിരിയുന്ന സ്ഥലം; ലോഡ്ജ് ഹെദര്‍ No. 928 SC അഥവാ മൂന്നാറിന്റെ ഡ്രാക്കുളാക്കോട്ട

lodgeലോഡ്ജ് ഹെദര്‍ No. 928 SC നല്ല സ്റ്റൈലന്‍ പേര് അല്ലേ. പേര് കേട്ടിട്ട് ഇംഗ്ലണ്ടിലെ ഏതെങ്കിലും വീടാണോയെന്ന് കരുതിയാല്‍ തെറ്റി. മൂന്നാറില്‍ കാടിനു നടുവില്‍ ഒറ്റപ്പെട്ട സ്ഥലത്തിരിക്കുന്ന ഒരു വീടാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇവിടെയൊന്നു താമസിച്ചാല്‍ കൊള്ളാം എന്നു തോന്നിയാല്‍ തെറ്റു പറയാനാവില്ല. എന്നാല്‍ ഈ വീടിന്  ‘മണ്ടവെട്ടിക്കോവില്‍’ എന്നൊരു പേരു കൂടിയുണ്ട്. മണ്ടവെട്ടിക്കോവില്‍ എന്നു പറഞ്ഞാല്‍ തലവെട്ടുന്ന ആരാധനാലയം എന്നര്‍ഥം. ഇത് കേള്‍ക്കുമ്പോള്‍ ഏതു ധൈര്യശാലിയും ഈ വീട്ടില്‍ താമസിക്കുന്നതിനെക്കുറിച്ച് രണ്ടാമതൊന്നാലോചിക്കും. പഴയമൂന്നാറില്‍നിന്നു ചൊക്കനാടിലേക്കുള്ള വഴിയിലാണ് ഈ പഴഞ്ചന്‍ കെട്ടിടം.ലോഡ്ജ് ഹെദറിനെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ ഏറെയാണ്. കറുത്ത കോട്ടിട്ട സായിപ്പിന്റെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന സ്ഥലമാണ്, സാത്താന്‍സേവക്കാരുടെ ആസ്ഥാനമാണ് എന്നൊക്കെയാണു തമിഴ് കലര്‍ന്ന മലയാളത്തില്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകള്‍.

മൂന്നാര്‍(666) എന്ന് അക്കത്തിലെഴുതിയതിനെ ലഘുവായി വ്യാഖ്യാനിച്ചാല്‍ മൂന്ന് ആറുകളാണ് ലഭിക്കുക.666 എന്നാല്‍ സാത്താന്‍സേവക്കാരുടെ ഇഷ്ടനമ്പറാണ്. തേയിലത്തോട്ടങ്ങളില്‍ ബ്രിട്ടീഷ് കങ്കാണിമാര്‍ തലവെട്ടു നടത്തിയ സ്ഥലമാണിതെന്നാണ് ഒരു കഥ. പള്ളി പണിയുന്നതിനു മുന്‍പേ സെമിത്തേരി ഉണ്ടായ പട്ടണമാണു മൂന്നാര്‍. വെള്ളക്കാരുടെ ഒട്ടേറെ ശവകുടീരങ്ങളുള്ള മൂന്നാര്‍ ഒരുകാലത്ത് ഇന്ത്യയിലെ മിനി സ്‌കോട്‌ലന്‍ഡായിരുന്നു. ചരിത്രവും മിത്തും ഇടകലര്‍ന്ന മൂന്നാറിന്റെ ഈ അപൂര്‍വതകളെ കൂട്ടുപിടിച്ചാണ് ഈ കെട്ടിടത്തെക്കുറിച്ചു ചിലര്‍ നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നത്.

തേയിലത്തോട്ടങ്ങള്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലത്ത് കൃത്യമായി പറഞ്ഞാല്‍ 1902ലായിരുന്നു കെട്ടിടത്തിന്റെ നിര്‍മാണം. മൂന്നാറിലെ ആദ്യദേവാലയമായ സിഎസ്‌ഐ പള്ളി ഉണ്ടാകുന്നതിനും എട്ടുവര്‍ഷം മുന്‍പ്. അക്കാലത്ത് ബ്രിട്ടിഷുകാര്‍ ആരാധന നടത്തിയിരുന്നത് ഈ കെട്ടിടത്തിലാണെന്നു പറയപ്പെടുന്നു. സിഎസ്‌ഐ പള്ളി വന്നിട്ടും ചില സായിപ്പന്മാര്‍ വെള്ളിയാഴ്ച തോറും ലോഡ്ജ് ഹെദറില്‍ ആരാധനയും പ്രാര്‍ഥനായോഗങ്ങളും തുടര്‍ന്നുപോന്നു. 1924ലെ വെള്ളപ്പൊക്കത്തില്‍ പഴയ മൂന്നാര്‍ പൂര്‍ണമായി ഒലിച്ചുപോയിട്ടും, പുഴയോരത്തു തന്നെയുള്ള ഈ കെട്ടിടത്തിന് ഒരു പോറലുപോലും പറ്റിയില്ല. ലോഡ്ജ് ഹെദറിനെക്കുറിച്ച് അദ്ഭുതകഥകള്‍ പ്രചരിക്കാന്‍ പ്രധാനകാരണവും ഇതുതന്നെയാണ്. മൂന്നാറിലെത്തിയ സഞ്ചാരികളുടെ ബ്ലോഗുകളിലും ലോഡ്ജിനെക്കുറിച്ചുള്ള ദുരൂഹ വിവരണങ്ങള്‍ ഒട്ടെറെ. ഇതില്‍ പലതും ഭാവനാജനകങ്ങളാണ്.

തൊട്ടടുത്തുള്ള കാട്ടുവഴിയിലൂടെ നേരെനോക്കി മാത്രം നടന്നാല്‍ അത്ര പെട്ടെന്നൊന്നും ആരുടെയും കണ്ണില്‍പെടില്ല, ലോഡ്ജ് ഹെദര്‍. എന്നാല്‍, ലോഡ്ജിന്റെ ഏതുഭാഗത്തു നിന്നാലും പഴയ മൂന്നാറിന്റെ ഓരോ മുക്കും മൂലയും കൃത്യമായി നിരീക്ഷിക്കാം. കെട്ടിടത്തിനു സാമാന്യം നല്ലൊരു ഓഡിറ്റോറിയത്തിന്റെ വലുപ്പമുണ്ട്. മുന്‍ഭാഗമേതാ പിന്‍ഭാഗമേതാ എന്നൊന്നും മനസ്സിലാകില്ല. ഒരു വാതില്‍ മാത്രം. അതു വലിയൊരു താഴിട്ടു പൂട്ടിയിരിക്കുന്നു. ജനല്‍ ആണെന്നു തോന്നിക്കുന്ന രണ്ടു മരപ്പാളികള്‍ വാതിലിനടുത്തു കാണാം. ആകെയുള്ള ഒരേയൊരു വാതില്‍ അകത്തുനിന്ന് അടച്ചുകഴിഞ്ഞാല്‍ പിന്നെ കാറ്റിനു പോലും കെട്ടിടത്തിനുള്ളിലേക്കു കയറാന്‍ ബുദ്ധിമുട്ടാണ്. വാതിലിനടുത്ത് ഒരു ചിഹ്നം വരച്ചുവച്ചിട്ടുണ്ട്. രണ്ടു ചെടികള്‍ക്കു നടുവില്‍ ഒരു കൊമ്പനാന. ആനയുടെ മുകളില്‍ ചിഹ്നമായ ഡിവൈഡറും പ്രൊട്ടാക്ടറും. ഏറ്റവും താഴെ വിസ്ഡം, സ്‌ട്രെങ്ത്, ബ്യൂട്ടി എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

മൂന്നാറിലെ ബ്രിട്ടീഷുകാരുടെ അതിപുരാതന നിര്‍മിതികളിലൊന്നാണ് ലോഡ്ജ് ഹെദര്‍. ഇപ്പോള്‍ കെഡിഎച്ച്പിയുടെ അധീനതയിലാണ് ഈ കെട്ടിടം. ഹൈറേഞ്ച് ക്ലബ്ബിനോടു ചേര്‍ന്നാണു ഹെദര്‍ ലോഡ്ജ് സ്ഥിതി ചെയ്യുന്നത്. ഇടയ്ക്കിടെ ഈ കെട്ടിടം തുറന്ന് അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും പ്രചരിക്കുന്ന കഥകളിലൊന്നും വസ്തുതയില്ലെന്നും നാട്ടുകാര്‍ പറയുന്നു. സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, യുഎസ്, ബ്രിട്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശാഖയുള്ള ഫ്രീമേസന്‍സ് ക്ലബ് എന്ന രാജ്യാന്തര സംഘടനയുടെ യോഗങ്ങള്‍ ഇവിടെ നടക്കാറുണ്ടായിരുന്നു. ഫ്രീമേസന്മാര്‍ ഒത്തുചേരുന്ന സ്ഥലം ലോഡ്ജ് എന്നാണ് അറിയപ്പെടുന്നത്. ഹെദര്‍ ലോഡ്ജിനും ആ പേര് കിട്ടിയത് ഇങ്ങനെയാവണം. വലിയ സമ്പന്നരും ബിസിനസുകാരുമൊക്കെയാണു ഫ്രീമേസന്‍സിലെ അംഗങ്ങള്‍. അവരുടെ ചിഹ്നമാണു ഡിവൈഡറും പ്രൊട്ടാക്ടറും. ഇതൊക്കെയാവണം ഈ കെട്ടിടത്തിന് പ്രേതവിശേഷണം ചാര്‍ത്തി നല്‍കിയത്.

Related posts