ബെഡ്ഫോർഡ്: ലണ്ടനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ മരിച്ചു. അപകടത്തിൽ എൺപതിലധികം യാത്രക്കാർക്ക് പരിക്കേറ്റതായും ഇതിൽ 33 പേരുടെ പരിക്ക് ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടനിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ബെഡ്ഫോർഡ് മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരം 5:15 ഓടെയായിരുന്നു അപകടം.
കോർബിയിൽ നിന്നും നോട്ടിംഗ്ഹാമിൽ നിന്നും ലണ്ടൻ സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്ക് വരികയായിരുന്ന രണ്ട് ട്രെയിനുകളാണ് ബെഡ്ഫോർഡിന് പുറത്തുവെച്ച് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എയർ ആംബുലൻസുകളും ഹസാർഡസ് റെസ്പോൺസ് ടീമും ഉൾപ്പെടെയുള്ള വൻ സന്നാഹം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൽ 11 പേർക്ക് അതീവ ഗുരുതരമായ പരിക്കുകളും, 22 പേർക്ക് ഗുരുതരമായ പരിക്കുകളും, 56 പേർക്ക് നിസാര പരിക്കുകളും ഏറ്റതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് അറിയിച്ചു. നാഷണൽ യൂണിയൻ ഓഫ് റെയിൽവേ ജനറൽ സെക്രട്ടറി എഡ്ഡി ഡെംപ്സിയാണ് മരിച്ചയാൾ ട്രെയിൻ ഡ്രൈവറാണെന്ന് സ്ഥിരീകരിച്ചത്.
ശക്തമായ ഇടിയിൽ പലരും മുന്നിലെ സീറ്റുകളിലേക്ക് തെറിച്ചുവീഴുകയും ബോധരഹിതരാകുകയും ചെയ്തു. പുക ഉയർന്നതോടെ ട്രെയിനിൽ വലിയ രീതിയിൽ പരിഭ്രാന്തി പരന്നു. പലരുടെയും കൈകാലുകൾ ഒടിയുകയും ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുകുകയും ചെയ്തതായി രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. സിഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം.
അപകടത്തെത്തുടർന്ന് സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്കും തിരികെയും ഉള്ള എല്ലാ ട്രെയിൻ സർവീസുകളും ഈസ്റ്റ് മിഡ്ലാന്റ്സ് റെയിൽവേ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.
