ലക്നോ: പത്തു വർഷം മുന്പ് പൊളിച്ചുമാറ്റണമെന്ന് ഉത്തരവിട്ട മൂന്നുനില വാണിജ്യ സമുച്ചയത്തിലാണ് 15 പേരുടെ ജീവനപഹരിച്ച തീപിടിത്തമുണ്ടായതെന്ന് യുപി സർക്കാർ. അനധികൃത നിർമാണത്തെത്തുടർന്ന് 2016ൽ പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകിയിരുന്നെന്നും എന്നാൽ ഉത്തരവ് പുറപ്പെടുവിച്ച് രണ്ടു മാസം തികയുന്നതിനു മുന്പു തന്നെ ഇത് റദ്ദാക്കുകയായിരുന്നുവെന്നും സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
നോർത്ത് ലക്നോയിലെ അലിഗഞ്ച് മേഖലയിലായിരുന്നു അപകടം. മൂന്നുനില കെട്ടിടത്തിൽ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന ഒന്നാം നിലയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന അനിമേഷൻ പരിശീലന കേന്ദ്രത്തിൽ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന വിദ്യാർഥികളാണ് മരിച്ചവരിൽ ഭൂരിഭാഗവും.
അലിഗഞ്ച് മേഖലയിലെ സെക്ടർ ഡി-യിലുള്ളതാണ് ഈ കെട്ടിടം. 1980 ജൂലൈ 11ന് രമേശ്വർ സഹായുടെ മകൻ വിജയ്കുമാറിന് ഹയർ പർചേസ് സ്കീം വഴിയാണ് ഈ വസ്തു ആദ്യം അനുവദിക്കുന്നത്. തുടർന്ന് 1980 നവംബർ നാലിന് കരാർ ഒപ്പിടുകയും വസ്തുവിന്റെ കൈവശാവകാശം വിജയ് കുമാറിന് കൈമാറുകയും ചെയ്തു.
2005ൽ ഈ വസ്തു വിജയ് കുമാറിന്റെയും ഭാര്യ ഉഷയുടെയും പേരിലേക്ക് രജിസ്റ്റർ ചെയ്യപ്പെട്ടു. പിന്നീട് 2013 ജനുവരി 19-ന് ഇവർ ഈ വസ്തു വീരേന്ദ്ര പ്രതാപ് ശുക്ല, സുരേന്ദ്ര പ്രതാപ് ശുക്ല എന്നിവർക്ക് വിറ്റു. 2014 ഓഗസ്റ്റ് ഏഴിന് ലക്നോ വികസന അഥോറിറ്റി ഇവരുടെ പേരിലേക്ക് വസ്തുവിന്റെ പോക്കുവരവ് നടപടികൾ പൂർത്തിയാക്കി.
ഏകദേശം 1,992 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടത്തിന്, ‘സ്വയം സാക്ഷ്യപ്പെടുത്തിയ പ്ലാൻ പദ്ധതി’ പ്രകാരം 2014 ഓഗസ്റ്റ് 20-ന് റെസിഡൻഷൽ ആവശ്യങ്ങൾക്കായി അനുമതി ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഇവിടെ വൻതോതിൽ അനധികൃത നിർമാണങ്ങൾ നടന്നതായി കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ 2016 മേയ് 10ന് അനധികൃത നിർമാണം പൊളിച്ചുനീക്കാൻ അതോറിറ്റി ഉത്തരവിട്ടു. എന്നാൽ ഉത്തരവ് വന്ന് രണ്ടു മാസത്തിനുശേഷം, ജൂലൈ അഞ്ചിന് ഉത്തരവ് റദ്ദാക്കപ്പെട്ടു. എന്തുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് അറിയില്ലെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.
