വിഴിഞ്ഞം: ആയിരം എന്ന നമ്പർ തികച്ച് എംഎസ്സിയുടെ കൂറ്റൻ മദർഷിപ്പ് ലൂസിയാന ഇന്ന് വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞം തീരമണയും. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇത് ചരിത്രനേട്ടമാകും.
രണ്ടു വർഷത്തിനു താഴെ സമയത്തിനുള്ളിൽ ആയിരം കപ്പലുകൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖങ്ങളിൽ ഒന്നായി വിഴിഞ്ഞം മാറി. പ്രതീക്ഷിച്ചതിനുമപ്പുറം 21.1 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്തു എന്ന നേട്ടവും കൈവരിച്ചുള്ള ജൈത്രയാത്ര തുടരുകയാണ് വിഴിഞ്ഞം തുറമുഖം.
അന്താരാഷ്ട്ര കപ്പൽ പാതയിൽനിന്ന് വെറും പത്തു നോട്ടിക്കൽ മൈൽ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, ദക്ഷിണേഷ്യ, പാശ്ചാത്യേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വളർന്നു.
2024 ജൂലൈ 11ന് ആദ്യകപ്പലായ സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് കപ്പ ൽ വരവിനു തുടക്കംകുറിച്ച തുറമുഖം ഡിസംബർ മൂന്നു മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. തുടക്കം മുതൽ തന്നെ പ്രതീക്ഷിച്ചതിലുമപ്പുറം കപ്പലുകളും കണ്ടെയ്നറുകളും എത്തിയതു തുറമുഖത്തിന്റെ വളർച്ചയ്ക്കു വഴി തെളിച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ നിർമിച്ച് പ്രവർത്തിപ്പിക്കുന്ന തുറമുഖം 2025 മേയിൽ രാജ്യത്തിനു സമർപ്പിക്കപ്പെട്ടു.
2025 ഓഗസ്റ്റിൽതന്നെ 10 ലക്ഷം ടിഇയു നേട്ടവും കൈവരിച്ചു. ലോകോത്തര നിലവാരമുള്ള ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം ഉയർന്ന് വരുന്നതും തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തന കാര്യക്ഷമത, തന്ത്രപ്രധാനമായ സ്ഥാനം എന്നിവയിൽ ആഗോള ഷിപ്പിംഗ് കമ്പനികൾ വിശ്വാസം പ്രകടിപ്പിക്കുന്നതുമാണ് ഈ നേട്ടത്തിന്റെ അടിസ്ഥാനമെന്ന് അധികൃതർ പറയുന്നു.
ഏകദേശം 16,000 കോടി രൂപയുടെ നിക്ഷേപത്തോടെ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 2028-ഓടെ ഇത് പൂർത്തിയാകും. ഇതിലൂടെ കണ്ടെയ്നർ കൈകാര്യം ചെയ്യുന്ന ശേഷി ഗണ്യമായി വർധിക്കുകയും സമ്പൂർണ എക്സ്പോർട്ട്-ഇംപോർട്ട് പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങുകയും ചെയ്യും.
അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺസ് അടുത്തിടെ ഒരു വർഷത്തിനുള്ളിൽ 500 മില്യൺ മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ സംയോജിത ഗതാഗത ഓപ്പറേറ്ററായി മാറി.
