മണ്ണുത്തി (തൃശൂർ) : മാടക്കത്തറയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന പുത്തൻപുരയാക്കൽ നിഖിൽ (22)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.30 ന് ആയിരുന്നു സംഭവം.
കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന കാവുങ്കൽ വീട്ടിൽ ജിന്റോയുടെ വീട്ടിൽ എത്തിയ നിഖിലും സുഹൃത്ത് കാട്ടുങ്ങൽ ഷാമോനും തമ്മിൽ തർക്കം നടന്നു. ബഹളം കേട്ട് ജിന്റോയുടെ സഹോദരൻ ജെയ്സൻ എത്തിയതോടെ തർക്കം രൂക്ഷമായി. പിന്നീട് സംഘം വീട്ടിൽനിന്ന് പുറത്തിറങ്ങി ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടയിൽ നിഖിലിന് കുത്തേറ്റു. കുത്ത് തടയാൻ ശ്രമിക്കുന്നതിനിടെ നിഖിലിന്റെ സുഹൃത്ത് ഷാമോനും പരിക്കേറ്റു.
പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നിഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജിന്റോ, ജിന്റോയുടെ സഹോദരൻ ജയ്സൺ, പിതാവ് ഔസേപ്പ് എന്നിവരെ മണ്ണുത്തി പോലീസ് കസ്റ്റഡിയിൽ എടുത്തു. ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
