ന്യൂയോർക്ക്: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. “ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ’ പുറത്താക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മഡുറോയേക്കാൾ കനത്ത വില നൽകേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി. 2018 മുതൽ വെനസ്വേലയുടെ വൈസ് പ്രസിഡന്റാണ് ഡെൽസി. രാജ്യത്തിന്റെ അടുത്ത പ്രസിഡന്റാകാൻ സാധ്യത കൽപ്പിക്കപ്പെട്ട നേതാവുമാണ്.
ദി അറ്റ്ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡെൽസിക്കെതിരേ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. കാരക്കാസിൽനിന്ന് അമേരിക്കൻ സൈന്യം മഡുറോയെയും ഭാര്യയെയും പിടികൂടിയതിന് ശേഷം ട്രംപ് ആദ്യം വൈസ് പ്രസിഡന്റിനെ പ്രശംസിച്ചിരുന്നു. അതേസമയം, തങ്ങളുടെ രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുമെന്ന് ഡെൽസി പറഞ്ഞു.
ഡെൽസി യുഎസുമായി സഹകരിച്ചില്ലെങ്കിൽ വെനസ്വേലയ്ക്കെതിരേ രണ്ടാമതൊരു ആക്രമണം നടത്താനും മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലെ എണ്ണയും മറ്റു വിഭവങ്ങളും അമേരിക്കയ്ക്ക് ആവശ്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. മഡുറോയെ ബലപ്രയോഗത്തിലൂടെ പിടികൂടാനുള്ള തന്റെ തീരുമാനത്തെ ട്രംപ് ന്യായീകരിച്ചു. വെനസ്വേലയിൽ പുനർനിർമാണവും ഭരണമാറ്റവും ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.
മറ്റു രാജ്യങ്ങളും അമേരിക്കൻ ഇടപെടലിന് വിധേയമായേക്കാമെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പു നൽകി. നാറ്റ രാജ്യമായ ഡെൻമാർക്കിനും ക്യൂബയ്ക്കും കൊളംബിയയ്ക്കും മെക്സിക്കോ എന്നീ രാജ്യങ്ങൾക്കെതിരേയും ട്രംപ് ഭീഷണിമുഴക്കി. വലിയ തോതിൽ സബ്സിഡി നൽകുന്ന വെനസ്വേലൻ എണ്ണ ലഭിക്കാതെ ക്യൂബയ്ക്ക് പിടിച്ചുനിൽക്കാൻ പ്രയാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് ഗുരുതര ഭീഷണി: വെനിസ്വേലൻ പ്രതിരോധ മന്ത്രി
കാരക്കാസ്: അതേസമയം, യുഎസ് നടപടി ആഗോള ക്രമത്തിനു ഗുരുതരമായ ഭീഷണി ഉയർത്തുന്നതിനാൽ ലോകം ജാഗ്രത പാലിക്കണമെന്ന് വെനിസ്വേലയുടെ പ്രതിരോധ മന്ത്രി വ്ളാഡിമിർ പാഡ്രിനോ ലോപ്പസ് മുന്നറിയിപ്പ് നൽകി. “ഇന്ന് വെനസ്വേലയ്ക്കെതിരെയായിരുന്നെങ്കിൽ, നാളെ മറ്റൊരു രാജ്യത്തിനെതിരെയായിരിക്കും. വെനസ്വേലയിലെ ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നത് സമാധാനപരമായിരിക്കാനും മറ്റുള്ളവർ നമ്മുടെ മേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന യുദ്ധം, ഭീഷണികൾ, ഭയം എന്നിവയുടെ കെണിയിൽ വീഴാതിരിക്കാനുമാണ്…’- ലോപ്പസ് പറഞ്ഞു. മഡുറോയെയും പ്രഥമ വനിത സിലിയ ഫ്ലോറസ് ഡി മഡുറോയെയും ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
