‘നമ്മുടെ ശാരദ’എന്ന് മലയാള ചലച്ചിത്രലോകവും പ്രേക്ഷകരും പറയുമ്പോഴാണ് ഏറ്റവും സന്തോഷം തോന്നുന്നതെന്ന് അഭിമുഖങ്ങളിൽ ശാരദ പറയാറുണ്ട്. ആന്ധ്രാപ്രദേശിലെ തെനാലിയിൽ ജനിച്ച്, ചെന്നൈയിൽ വളർന്ന സരസ്വതി ദേവിയെ ശാരദ എന്ന അനുഗ്രഹീത നടിയായി മാറ്റുന്നതും മലയാളം തന്നെയാണ്. ആന്ധ്രയുടെയും ചെന്നൈയുടെയും അഭിമാനമായി ശാരദ മാറുന്നതിനു കാരണവും മലയാള സിനിമാലോകം ശാരദയ്ക്ക് നൽകിയ അവസരങ്ങളാണ് എന്ന് ഉറപ്പിച്ചു പറയാം.
പത്താമത്തെ വയസിൽ തമിഴ് സിനിമയായ ‘ഇരുമിത്രുലൂ’ വിലൂടെയാണ് ശാരദ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. തെലുങ്ക് സിനിമാ ഇതിഹാസം എൻടിആർ ആയിരുന്നു ആദ്യ സിനിമയിലെ നായകൻ. ശാരദ എന്ന പേര് സ്വീകരിക്കുന്നതും ആദ്യ സിനിമയിൽ തന്നെ. പിന്നീട് ചില തെലുങ്ക് സിനിമകളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചവെങ്കിലും ശാരദയുടെ അഭിനയ മികവിന് അർഹിക്കുന്ന ഒരു കഥാപാത്രവും കിട്ടിയിരുന്നില്ല.
മലയാള സിനിമാമേഖലയ്ക്കു തന്നെ മുതൽക്കൂട്ടായി മാറിയ ശാരദയെ മലയാളത്തിലേക്കു കൂട്ടിക്കൊണ്ടു വരുന്നത് നിർമാതാവ് കുഞ്ചാക്കോ ആണ്. സത്യനും പ്രേംനസീറും അഭിനയിച്ച ഇണപ്രാവുകളിലൂടെ രംഗപ്രവേശം.അന്ന് ശാരദയ്ക്ക് 19 വയസ് കഴിഞ്ഞിട്ടേയുള്ളൂ. മലയാളഭാഷയോ സിനിമയോ എന്തെന്നുപോലും അറിയില്ല. കുഞ്ചാക്കോ മുൻകൈയെടുത്താണ് ശാരദയെ മലയാളം പഠിപ്പിക്കുന്നതു തന്നെ!
‘ഇണപ്രാവുകളിൽ’ ഒപ്പം അഭിനയിച്ച താരങ്ങളെല്ലാവരും ഒരു കുട്ടിയെ പോലെ തന്നെ സ്നേഹിച്ചതും, ഒരു നടി എന്ന നിലയിൽ ബഹുമാനിച്ചതും ഇപ്പോഴും കൃതാർഥതയോടെ ഓർമിക്കാറുണ്ട് ശാരദ. ഇണപ്രാവുകളിൽ അഭിനയിക്കുന്നതാകട്ടെ അന്ന് മലയാള സിനിമ അടക്കിവാണ രണ്ട് മഹാനടന്മാർക്കൊപ്പം. സത്യനും പ്രേംനസീറും.ശാരദ തന്നെ ഇപ്പോൾ പറയാറുള്ളത് പോലെ ‘അഭിനയ ലോകത്തെ രണ്ട് സിംഹങ്ങൾക്കിടയിൽ ഒരു മാൻപേടയെ പോലെ ആയിരുന്നു ഞാൻ.’
റാഹേലായി എത്തിയ തെലുങ്കത്തി പെൺകുട്ടിയെ സംവിധായകൻ എ. വിൻസന്റ് തന്റെ തുലാഭാരം എന്ന ചിത്രത്തിലെ വിജയ എന്ന നായികയാക്കി. ‘തുലാഭാര’ത്തിലെ വിജയയായി ശാരദ അക്ഷരാർഥത്തിൽ ജീവിക്കുകയായിരുന്നു. വിധിയുടെ നരകാഗ്നിയിൽ വെന്തു നീറിയ വിജയ, കരഞ്ഞപ്പോൾ എല്ലാം പ്രേക്ഷകരും ഒപ്പം കരഞ്ഞു... തൊഴിലാളി നേതാവായ വിജയയുടെ ഭർത്താവ് രാമു കൊല്ലപ്പെട്ട ശേഷം കൊടിയ പട്ടിണിയിലൂടെയും യാതനകളിലൂടെയും കടന്നുപോകുന്ന ശാരദ എന്ന വിജയ ഇന്നും ഒരു പൊള്ളലായി പ്രേക്ഷകരിൽ ശേഷിക്കുന്നുണ്ട്!
സിനിമയുടെ ഒടുവിൽ കണ്ണുകളിൽ വന്യമായ ഒരു തിളക്കത്തോടെ പട്ടിണി കിടന്നു തളർന്ന സ്വന്തം മക്കൾക്ക് വിഷം ചേർത്ത ചോറ് വാരിവാരി കൊടുക്കുന്ന ശാരദയെ കണ്ടു പ്രേക്ഷകർ പൊട്ടിക്കരഞ്ഞു. മക്കളെ കൊല്ലേണ്ടിവരുന്ന ഒരു പെറ്റമ്മയുടെ പിടയൽ എന്താണെന്ന് മലയാളം അന്നറിഞ്ഞു…ഇന്നും ‘തുലാഭാരം’ ടെലിവിഷനിൽ കാണുന്ന ജനം ഉള്ളു നീറി കരയാറുണ്ട്.1968 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശാരദയ്ക്ക് ലഭിക്കുന്നതും ‘തുലാഭാര’ത്തിലെ അഭിനയത്തിനാണ്.
ശാരദയിലൂടെ മലയാളവും ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുകയായിരുന്നു. തമിഴ്, തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലേക്ക് തുലാഭാരം പുനർസൃഷ്ടിക്കപ്പെട്ടു. മൂന്നു ഭാഷകളിലും ശാരദ (മലയാളം ഉൾപ്പെടെ നാല് )തന്നെയായിരുന്നു നായിക. ഇതൊരു വശം… എന്നാൽ ‘തുലാഭാര’ത്തിലൂടെയും ‘ഇരുട്ടിന്റെ ആത്മാവി’ ലൂടെയും ‘മുറപ്പെണ്ണി’ലൂടെയും ‘സ്വയംവര’ത്തിലൂടെയും പ്രേക്ഷകരെ കണ്ണീരു കുടിപ്പിച്ച ദുഃഖപുത്രി ജീവിതത്തിൽ, ശോകത്തിൽ മുങ്ങുന്ന ആളല്ല.
നാലു ഭാഷകളിലെ ‘തുലാഭാര’ത്തിലെ അഭിനയകഥകൾ ശാരദ പറയുമ്പോൾ പ്രേക്ഷകർ അദ്ഭുതപ്പെട്ടു പോകും . ഭർത്താവ് രാമു കൊല്ലപ്പെടുമ്പോൾ ആ ശരീരത്തിൽ വീണുകിടന്ന് നായികയായ താൻ പൊട്ടിപ്പൊട്ടി കരയുന്ന രംഗമുണ്ട് സിനിമയിൽ. നാലു ഭാഷകളിൽ വന്ന സിനിമയിൽ നാലു നായകന്മാരുടെ പുറത്തുവീണാണ് താൻ കരഞ്ഞതെന്ന് ശാരദ പൊട്ടിച്ചിരിച്ചു കൊണ്ടാണ് പറയുന്നത്. ദുഃഖപുത്രി എന്ന വിശേഷണം മലയാളികൾ തനിക്കു ചാർത്തി തന്നിട്ടുണ്ടെങ്കിലും തെനാലി രാമന്റെ നാട്ടുകാരിയായ താൻ അല്പം കുറുമ്പുകാരിയാണെന്നും ശാരദ പറയും.
പ്രശസ്ത നടൻ മധു നായകനായ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവര’ത്തിലൂടെയാണ് 1972ൽ വീണ്ടും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കേരളത്തിനു ശാരദ സമ്മാനിക്കുന്നത്.(1978ല് നിമജ്ജനം എന്ന തെലുങ്ക് സിനിമയിലെ അഭിനയത്തിന് മൂന്നാമതും ദേശീയ പുരസ്കാരം ലഭിച്ചു.)ആന്ധ്രാപ്രദേശിലെ തെനാലിയിൽ 1948 ജൂൺ 25 ന് ജനിച്ച ശാരദയ്ക്ക് മലയാളവുമായി ആഴത്തിലുള്ള ആത്മബന്ധം ഉണ്ട്. പൂർവികമായ കുടുംബവേരുകളും ഉണ്ട്. അതുകൊണ്ട് കൂടിയാവാം മലയാളത്തം പൂർണമായും നിറഞ്ഞ നായിക നടിയാവാൻ ശാരദയ്ക്കു സാധിച്ചതും!
കേരളത്തിലേക്കു വരുന്നതു സ്വന്തം വീട്ടിലേക്കു വരുന്നതു പോലെ സന്തോഷകരമായ അനുഭവമാണെന്ന് ശാരദ പറയാറുണ്ട്.ഇപ്പോൾ പരമോന്നത അംഗീകാരമായ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചപ്പോൾ സ്വന്തം അമ്മയ്ക്കാണ് ശാരദ പുരസ്കാരം സമർപ്പിച്ചത്. അതിന്റെ പിന്നിൽ ഒരു കഥയുണ്ട്.വളരെ യാഥാസ്ഥിതികമായ ഒരു കുടുംബം ആയിരുന്നു അന്നത്തെ സരസ്വതീദേവിയായ ശാരദയുടെത്. കുടുംബത്തിലുള്ള പെൺകുട്ടികളെ പതിന്നാലും പതിനഞ്ചും വയസിൽ വിവാഹം കഴിപ്പിക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. ശാരദയുടെ അമ്മ സത്യവതി ദേവി കലയോട് വലിയ താത്പര്യം ഉള്ള ആളായിരുന്നു.
കുട്ടിക്കാലത്ത് നൃത്തം പഠിക്കണമെന്നും സത്യവതി ആഗ്രഹിച്ചിരുന്നു. എന്നാൽ കുടുംബ സാഹചര്യങ്ങൾ കാരണം തന്റെ ഉള്ളിലെ കലാമോഹം പുറത്തു പറയാൻ പോലും കഴിഞ്ഞിരുന്നില്ല. അതു കൊണ്ടു തന്നെ സ്വന്തം മോഹങ്ങൾ മകളിലൂടെ സാക്ഷാത്കരിക്കണമെന്ന് തോന്നി. അങ്ങനെയാണ് ആറാമത്തെ വയസു മുതൽ ശാരദയെ നൃത്തം പഠിപ്പിക്കുന്നത്.
പത്താമത്തെ വയസിൽ തെലുങ്ക് സിനിമയിൽ ശാരദ എത്തുന്നതും അമ്മയുടെ പിന്തുണ കൊണ്ടു മാത്രമാണ്. മകൾ സിനിമയിൽ അഭിനയിക്കുന്നത് അച്ഛൻ വെങ്കിടേശ്വര റാവു ആദ്യം എതിർത്തുവെങ്കിലും പിന്നീട് അമ്മയുടെ നിരന്തര പ്രേരണ കൊണ്ട് ഒപ്പം നിൽക്കുകയായിരുന്നു. മകളെ സിനിമാനടിയാക്കുന്നതിൽ ബന്ധുക്കളിൽ നിന്നു കനത്ത എതിർപ്പ് കുടുംബം നേരിട്ടിരുന്നു. കൗമാര പ്രായത്തിൽ തന്നെ ഒരു കുടുംബിനി മാത്രമായി ഒതുങ്ങേണ്ടിയിരുന്ന ശാരദയെ ലോകം ആദരിക്കുന്ന ഒരു അഭിനേത്രിയായി മാറ്റിയത് അമ്മ സത്യവതി ദേവിയാണ്.
നദി, യക്ഷി, ഏണിപ്പടികൾ, മൂലധനം, ത്രിവേണി, മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, ഉദ്യോഗസ്ഥ തുടങ്ങി ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, രാപ്പകൽ വരെ എത്തിനിൽക്കുന്ന സിനിമകളിൽ നമ്മൾ കണ്ട അതുല്യമായ അഭിനയ പ്രതിഭയെ കേരളത്തിന് ലഭിച്ചതിനു കാരണം ഈ അമ്മ തന്നെ. സംസ്ഥാന സർക്കാർ ആദരപൂർവം നൽകിയ പരമോന്നത ചലച്ചിത്ര പുരസ്കാരം സ്വന്തം അമ്മയ്ക്കുതന്നെ ശാരദ സമർപ്പിച്ചത് കാലത്തിന്റെ നീതിയാവാം.
- എസ്. മഞ്ജുളാദേവി
