ജിനിയെ ചതിച്ചത് മിനിയോ ? ബഹ്‌റിനിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ഗള്‍ഫില്‍ വഞ്ചിക്കപ്പെട്ടെന്നു സൂചന; അറസ്റ്റിലായ മിനിയ്ക്ക് സംഭവത്തില്‍ വ്യക്തമായ പങ്കുള്ളതായി സംശയം

കൊടുങ്ങല്ലൂര്‍;ബഹ്‌റിനിലെ ഫള്ാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തിലുള്ള ദുരൂഹതകള്‍ നീങ്ങുന്നില്ല. ഇവരുടെ മൃതദേഹം നാട്ടിലെത്തിച്ച ബഹ്‌റിനില്‍ പ്രവാസിയായ ചാലക്കുടി കൊമ്പിടിഞ്ഞിമാക്കല്‍ സ്വദേശിനിയായ മിനിയെ നാട്ടുകാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് പോലീസെത്തി അറസ്റ്റു ചെയ്തു. പുല്ലൂറ്റ് ചാപ്പാറ പറുക്കാരന്‍ ആന്റണിയുടെ ഭാര്യയും കാച്ചപ്പിള്ളി ജോസിന്റെ മകളുമായ ജിനിയാണ് (30) മരിച്ചത്. ബ്യൂട്ടീഷന്‍ ജോലിക്കെന്നു പറഞ്ഞ് രണ്ടര ലക്ഷം രൂപ മിനിയ്ക്ക് നല്‍കി ഈ വര്‍ഷം ജൂലൈ 21 നാണ് ജിനി ബഹ്‌റിനിലേക്ക് പോയത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള ജോലിയല്ല ജിനിയ്ക്ക് കിട്ടിയത്. ബ്യൂട്ടീഷന്‍ ജോലിക്കു പകരം ഹോട്ടലിലായിരുന്നു ജോലി.

 

ബന്ധുക്കളുടെ ആവശ്യപ്രകാരം മരണശേഷം ജിനിയുടെ മൃതദേഹവുമായി നാട്ടിലെത്തിയത് മിനിയാണ്. കഴിഞ്ഞ ദിവസം മൃതദേഹത്തോടൊപ്പം വന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് മുങ്ങാന്‍ ശ്രമിച്ച മിനിയെ ബന്ധുക്കള്‍ തന്ത്രപൂര്‍വ്വം മരണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിയ ഉടന്‍ മിനിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് മരണകാരണം വ്യക്തമാക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടു. പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞ ഇവരെ പിന്നീട് പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. മിനിയുടെ അമ്മയും മക്കളും സ്ഥലത്തെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും ജിനിയുടെ ബന്ധുക്കള്‍ വഴങ്ങിയില്ല.

പലരില്‍ നിന്നും കടം വാങ്ങിയാണ് മിനിയ്ക്കു കൊടുത്ത രണ്ടരലക്ഷം രൂപ ജിനി സംഘടിപ്പിച്ചത്. 4 മക്കളുള്ള കുടുംബം ഭര്‍ത്താവിന്റെ വരുമാനം ഒന്നിനും തികയില്ല. കൂടാതെ കടബാധ്യതകളും. ഒരുപാടു പ്രതീക്ഷകളോടെ പ്രവാസ ജീവിതം കൊതിച്ചു. ചെന്നപ്പോള്‍ ജോലി വേറെ പറഞ്ഞ ശമ്പളമില്ല. മറ്റു ചില ജോലികള്‍ കൂടി പണത്തിനു വേണ്ടി ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ജീവിതം ഒരു മുഴം കയറില്‍ അവസാനിപ്പിക്കേണ്ടി വന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ അസ്വഭാവിക മരണത്തി കേസെടുത്തു. അലീന, ആല്‍ബി, ആല്‍വിന്‍, ആല്‍ഫിയ എന്നിവരാണ് ജിനിയുടെ മക്കള്‍.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു താമസ സ്ഥലമായ ഗുദൈബിയയിലെ ഫ്‌ളാറ്റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ജിനിയെ കണ്ടെത്തിയത്. ബെഡ്‌റൂമിലെ സീലിംഗ് ഫാനിലായിരുന്നു ജിനിയെ തൂങ്ങിമറിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തിന് തൊട്ടുമുമ്പ് ബഹ്‌റിനിലുള്ള സഹോദര ഭാര്യയേയും മനാമയിലെ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന കൂട്ടുകാരിയെയും വിളിച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് ജിനി പറഞ്ഞിരുന്നു.കാര്യം തിരക്കിയപ്പോള്‍ താന്‍ വഞ്ചിക്കപ്പെട്ടെന്നായിരുന്നു മറുപടി. ഇവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ ജിനി കൂട്ടാക്കിയില്ല. സംശയം തോന്നിയ സഹോദര ഭാര്യ ഉടന്‍ ജിനി താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് തിരിച്ചു. ഗുദൈബിയിലെ ഫ്‌ലാട്ടിലെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് ഇവര്‍ അകത്ത് കയറിയപ്പോള്‍ ജിനി തൂങ്ങിമരിച്ച നിലയിലായിരുന്നു. നാട്ടിലെത്തിയ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഇടവക ദേവാലയമായ ചാപ്പാറ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ജിനിയുടെ ബന്ധുക്കളും നാട്ടുകാരും.

 

Related posts