ആമാശയ കാന്‍സര്‍ ജീവനെടുക്കുമെന്നുറപ്പായപ്പോള്‍ അവസാന ആഗ്രഹമെന്നോണം ബിരിയാണി കഴിച്ചു; ഗുലാം അബ്ബാസിന്റെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചത്…

ദുബായ് : ചികിത്സിച്ചു മാറ്റാന്‍ ഏറെബുദ്ധിമുട്ടുള്ള ഒരു തരം അര്‍ബുദമാണ് ആമാശയ കാന്‍സര്‍. ദുബായ് സ്വദേശിയായ ഗുലാം അബ്ബാസിന്റെ ജീവിതത്തില്‍ വില്ലനായി കടന്നുവന്നതും ആമാശയ കാന്‍സറായിരുന്നു. ഒന്നുകില്‍ ആമാശയം ഒഴിവാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോവുക, അല്ലെങ്കില്‍ ആമാശയ കാന്‍സറിന് കീഴ്‌പ്പെട്ട് മരണം വരിക്കുക.

എഞ്ചിനീയറായ അബ്ബാസിന് മുന്നില്‍ ശേഷിച്ചത് രണ്ടേ രണ്ടു വഴികളായിരുന്നു. ജീവിതത്തെ അത്രമേല്‍ സ്‌നേഹിക്കുന്ന ഗുലാം അബ്ബാസിന് മറുത്തൊന്നും ആലോചിക്കാനില്ലായിരുന്നു, ആമാശയം നീക്കം ചെയ്യാം. പെട്ടെന്നുണ്ടായ ശരീരം മെലിച്ചില്‍, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടപ്പോഴാണ് ഗുലാം അബ്ബാസ്, അസ്വസ്ഥതകളുമായി റാഷിദ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോളജി ക്ലിനിക്കില്‍ എത്തുന്നത്.രോഗനിര്‍ണയത്തില്‍ അതീവ ഗുരുതരമായ ആമാശയ കാന്‍സറാണ് അബ്ബാസിനെന്നു കണ്ടെത്തി.

രോഗനിര്‍ണയം വൈകിയതു കൊണ്ട് കാന്‍സര്‍ അപ്പോഴേക്കും അതിന്റെ മൂന്നാം സ്റ്റേജിലെത്തിയിരുന്നു. ആമാശയം നിറയുന്ന രീതിയിലേക്ക് വളര്‍ന്നു വലുതായ ട്യൂമര്‍ അബ്ബാസിന്റെ ജീവന് തന്നെ ഭീഷണിയുയര്‍ത്തി.

ഡോ.അല്‍ മര്‍സൂഖിയുടെ നേതൃത്വത്തിലുള്ള അഞ്ചു മണിക്കൂറോളം നീണ്ട അബ്ബാസിന്റെ സര്‍ജറി വിജയകരമായിരുന്നു എന്നും രോഗബാധിതമായ ആമാശയം നീക്കം ചെയ്തതോടെ സമീപ അവയവങ്ങള്‍ കാന്‍സര്‍ സെല്ലുകളില്‍ നിന്നും സുരക്ഷിതമായെന്നും ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

നിരവധിയേറെ കോളണ്‍ കാന്‍സര്‍ സര്‍ജറികള്‍ക്ക് ഈ ഹോസ്പിറ്റല്‍ സാക്ഷിയായിട്ടുണ്ടെങ്കിലും, ആമാശയം പൂര്‍ണമായും നീക്കം ചെയ്യുന്ന ഇത്തരത്തിലുള്ള ഗാസ്‌ട്രോക്റ്റമി സര്‍ജറി ദുബായില്‍ തന്നെ ആദ്യത്തേതാണെന്ന് റാഷിദ് ഹോസ്പിറ്റലിലെ ജനറല്‍ സര്‍ജറി തലവനും കണ്‍സല്‍ട്ടന്റ് ലാപ്രോസ്‌കോപിക് സര്‍ജനുമായ ഡോ.അലി ഖമ്മാസി അവകാശപ്പെടുന്നു.

” ജീവിതത്തെ അതിഭീകരമായ രീതിയില്‍ ബാധിക്കുന്ന ഒരു തീരുമാനമായിരുന്നു അത്. പക്ഷേ ജീവിതം നിലനിര്‍ത്താന്‍ വേറെ വഴിയില്ലായിരുന്നു. മക്കള്‍ എന്റെ അസാന്നിധ്യത്തില്‍ വളരുന്നത് ഞാനോര്‍ക്കാന്‍ പോലും ഇഷ്ടപ്പെട്ടില്ല. അവരുടെ ജീവിതത്തിലെ കളിയും ചിരിയും അടിപിടികളും നേട്ടങ്ങളുമെല്ലാം എനിക്ക് കാണണമായിരുന്നു.

ജീവിതം അങ്ങനെ അങ്ങ് അസ്തമിച്ചു പോകരുതെന്ന് ഞാനാഗ്രഹിച്ചു, ജീവിതത്തെ മുറുകെ പിടിച്ചു. സര്‍ജറിയ്ക്ക് മുന്‍പ് ചിക്കന്‍ ബിരിയാണി കഴിക്കാന്‍ എനിക്കാഗ്രഹം തോന്നി, ഡോക്ടറോട് ചോദിച്ചപ്പോള്‍ സമ്മതം തന്നു.

ഭാര്യ വീട്ടിലൊരുക്കിയ ബിരിയാണി സഹോദരന്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ഞാന്‍ ആര്‍ത്തിയോടെ വാരി വിഴുങ്ങുകയായിരുന്നു” അബ്ബാസ് പറയുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം ദുബായ് ഹോസ്പിറ്റലില്‍ കീമോതെറാപ്പി ചികിത്സയിലാണ് ഗുലാം അബ്ബാസ്. എന്തായാലും താന്‍ ഇപ്പോഴും ജീവനോടെയിരിക്കുന്നതിന് ദൈവത്തിന് നന്ദി പറയുകയാണ് ഗുലാം അബ്ബാസ്.

Related posts