കോട്ടയം: മണ്‍സൂണ്‍ വെറും മഴക്കാലം മാത്രമല്ല, യാത്രകള്‍ ചെയ്യാനും കാഴ്ചകള്‍ കാണാനുമുള്ള സമയം കൂടിയാണ്. ഈ മണ്‍സൂണ്‍ കാലത്ത് അപൂര്‍വ ജൈവവൈവിധ്യ ആവാസവ്യവസ്ഥകളെ അടുത്തറിയാനും ആസ്വദിക്കാനും പദ്ധതികളൊരുക്കി കേരള വനം വികസന കോര്പറേഷന് ലിമിറ്റഡ്. നിലവില്‍ കോര്‍പറേഷന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. വയനാട്ടിലെ കമ്പമല, പാലക്കാട്ടെ നെല്ലിയാമ്പതി, ഇടുക്കിയിലെ മീശപ്പുലിമല, പത്തനംതിട്ടയിലെ ഗവി, തിരുവനന്തപുരത്തെ അരിപ്പ, കല്ലാര്‍ എന്നിവിടങ്ങളിലാണ് കോര്‍പറേഷന്റെ ഡെസ്റ്റിനേഷനുകള്‍.
മണ്‍സൂണ്‍മഴയെ തടഞ്ഞുനിര്‍ത്തി ഭൂപ്രകൃതിയും ജൈവവൈവിധ്യവും നിലനിര്‍ത്തുന്ന പച്ചപ്പുല്ലണിഞ്ഞ മലനിരകളും ചോലക്കാടുകളും തനതു ഭാവത്തില്‍ ആസ്വദിക്കാനും പശ്ചിമ ഘട്ടത്തില്‍ മാത്രം കാണുന്ന അപൂര്‍വയിനം ജീവജാലങ്ങളെ കാണാനും സൗകര്യമൊരുക്കുന്ന പാക്കേജുകളാണ് തയാറാക്കുന്നത്. കമ്പമലയില്‍ വയനാടിന്റെ ഏകാന്തതയിലേക്കും ഗോത്രസംസ്കാരത്തിലേക്കും ഒരു മടക്കയാത്ര നടത്താവുന്ന രീതിയിലാണ് പാക്കേജ്. മീശപ്പുലിമലയില്‍ റോഡോവാലിയിലേക്ക് സാഹസികയാത്രയാണ് ഒരുക്കിയിരിക്കുന്നത്. ട്രക്കിംഗ് അനുവദനീയമായ ഏറ്റവും ഉയര്‍ന്ന മലനിരയാണ് മീശപ്പുലിമല.
ഗവിയില്‍ വനഭംഗിയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നീലഗിരി മാര്‍ട്ടന്‍ ഉള്‍പ്പെടെയുള്ള അപൂര്‍വ വന്യജീവികളെ കാണാനും അവസരം ലഭിച്ചേക്കാം. നെല്ലിയാമ്പതിയില്‍ സുഗന്ധവ്യഞ്ജനത്തോട്ടങ്ങളുടെ ഭംഗിയാണ്. ഒപ്പം മലമുഴക്കിവേഴാമ്പലുകളുടെ ആവാസകേന്ദ്രവും നിത്യഹരിതവനങ്ങളും നിറഞ്ഞ മനോഹരദേശം. തിരുവനന്തപുരം ജില്ലയിലെ അരിപ്പയും കല്ലാറും മണ്‍സൂണ്‍ യാത്രകളിലെ വേറിട്ടൊരനുഭവമായിരിക്കും. അപൂര്‍വ പക്ഷികളും മലനിരകളും ചോലക്കാടുകളും ഉള്‍പ്പെടുന്നതാണ് അരിപ്പ.
ജാതിവനചതുപ്പും കാണാം. പൊന്മുടി മലനിരകളുടെ മടിത്തട്ടിലൊരു വിശ്രമകേന്ദ്രമാണ് കല്ലാര്‍. മനോഹരമായ കാട്ടുചോലകളും തണുത്ത കാറ്റുമുള്ള സ്ഥലമായ ഇവിടം. കാട്ടിലൂടെയുള്ള നടത്തത്തിനും ശാന്തമായ വിശ്രമത്തിനും പറ്റിയയിടമാണ്.പരിസ്ഥിതിസൗഹൃദ മേഖലകളായതിനാല്‍ ഒരു സമയം കുറച്ചുപേരെയേ അനുവദിക്കൂ. 1750 രൂപ മുതല്‍ 7500 രൂപ വരെയുള്ള വിവിധ പാക്കേജുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. www.https://kfdceo tourism.com വെബ് സൈറ്റ് വഴി ബുക്ക് ചെയ്യാം.
