കുമരകം: പുഞ്ചകൃഷിയിറക്കി പ്രതീക്ഷയോടെ കാത്തിരുന്ന നെൽകർഷന്റെ നെഞ്ചിലിപ്പോൾ തീയാണ്. തണ്ണീർമുക്കം ബണ്ട് തുറന്നതിനൊപ്പം മഴകൂടി പെയ്യുന്നതാണ് കർഷകരെ ദുരിതത്തിലാഴ്ത്തുന്നത്. ജലനിരപ്പ് ഉയർന്നാൽ നെൽക്കൂനകൾ വെള്ളത്തിലാകുമെന്ന ആശങ്കയാണ് കർഷകർ പങ്കുവയ്ക്കുന്നത്.
ആഴ്ചകൾക്ക് മുമ്പ് സംഭരണം നടത്തേണ്ട നെല്ല് സ്വകാര്യമില്ലുകാരുടെയും പാഡി മാർക്കറ്റിംഗ് ഓഫീസറുടെയും നിലപാടുകൾ മൂലം പാടത്തും പാടവരമ്പത്തും കിടക്കുകയാണ്. കർഷകരെ സമ്മർദത്തിലാക്കി കൂടുതൽ കിഴിവ് കൈക്കലാക്കുകയാണ് സ്വകാര്യമില്ലുകാരുടെ ലക്ഷ്യം.ഇതിനായി പുതിയ മാനദണ്ഡങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. ക്വാളിറ്റി ചെക്കിംഗ് ആണ് കിഴിവിന്റെ തോത് നിശ്ചയിക്കാൻ പ്രയോഗിക്കുന്നത്.
ഏറ്റവും നല്ല നെല്ലു പോലും കിഴിവില്ലെങ്കിൽ സംഭരിക്കില്ലെന്ന നിലപാടാണ് മില്ലുടമയും പാഡിമാർക്കറ്റിംഗ് ഓഫീസറും കൈക്കൊള്ളുന്നത്. നല്ല ഒന്നാംതരം നെല്ലിനു പോലും കിഴിവു നൽകേണ്ട ഗതികേടിലാണിപ്പോൾ കർഷകർ. ഏറ്റവും കുറവ് കിഴിവ് മൂന്ന് കിലോ ആണ്. ജെ ബ്ലാേക്ക് ഒൻപതിനായിരത്തിലെ കർഷകർ കോട്ടയം പാഡി മാർക്കറ്റിംഗ് ഓഫീസ് രാത്രി 9.15 വരെ ഉപരോധിച്ചതോടെയാണ് ഇന്നലെ മുതൽ നെല്ലുസംഭരണം പുനരാരംഭിച്ചത്.
217 ലോഡ് നെല്ല് ചാക്കുൾപ്പടെ മൂന്നു കിലോ കിഴിവിൽ സംഭരിച്ചതിനു ശേഷമായിരുന്നു ഇവിടെ തർക്കം ഉടലെടുത്തത്. ശേഷിക്കുന്ന 25 ലധികം ലോഡ് നെല്ല് സംഭരിക്കണമെങ്കിൽ രണ്ടുകിലോ കഴിവുകൂടി അധികം വേണമെന്ന മില്ലുകാരുടെ പിടിവാശിയാണ് പാഡി മാർക്കറ്റിംഗ് ഓഫീസ് രാത്രി വൈകിയും ഉപരോധിക്കേണ്ട സാഹചര്യമൊരുക്കിയത്.ഉപരോധത്തെത്തുടർന്ന് ഇന്നലെ മുതൽ ജെ ബ്ലോക്കിലെ സംഭരണം വീണ്ടും പുനരാരംഭിച്ചു.
കുര്യൻ കുമരകം
