കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ 2025-26 സീസണില്‍, തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മൂന്നാം ജയമോഹവുമായി ഇന്നു കളത്തില്‍. സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍നിന്ന് ഒരു പോയിന്റ് മാത്രം നേടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, പിന്നീട് എത്തിയ ഇംഗ്ലീഷ് കോച്ച് ആഷ്ലി വെസ്റ്റ്വുഡിന്റെ ശിക്ഷണത്തില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ആഷ്ലി വെസ്റ്റ്വുഡിന്റെ കീഴില്‍ ഇറങ്ങിയ നാല് മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രമേ വഴങ്ങിയുള്ളൂ. രണ്ട് ജയവും ഒരു സമനിലയും സ്വന്തമാക്കുകയും ചെയ്തു.
ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നു രാത്രി 7.30നു നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ എതിരാളികള്‍. 10 മത്സരങ്ങളില്‍നിന്ന് എട്ട് പോയിന്റുമായി ലീഗ് ടേബിളില്‍ 11-ാം സ്ഥാനത്താണ് കേരള ബ്ലസ്റ്റേഴ്സ്. ഏഴ് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി 13-ാം സ്ഥാനത്താണ് ഒഡീഷ.
പരിക്ക് പ്രശ്നം
കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്സിയെ കലൂരില്വച്ച് 2-0നു കീഴടക്കിയതിന്റെ ആവേശത്തിലാണെങ്കിലും പരിക്കിന്റെ പ്രശ്നം ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്. ആഷ്ലി വെസ്റ്റ്വുഡിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് താളംകണ്ടെത്തിയപ്പോള്, ടീമിന്റെ നെടുംതൂണായ ഡാനിഷ് ഫറൂഖും കരിം ബെനാരിഫുമാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്.
ജംഷഡ്പുരിന് എതിരായ മത്സരത്തിനിടെയായിരുന്നു മിഡ്ഫീല്‍ഡര്‍മാരായ ഇവര്‍ക്കു പരിക്കേറ്റത്. ബെനാരിഫ് ആദ്യ 30 മിനിറ്റിനുള്ളില്‍ കളംവിട്ടപ്പോള്‍ ഫറൂഖ് പരിക്കുമായി മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു.
മൊറോക്കോക്കാരനായ ബെനാരിഫ് കഴിഞ്ഞ രാജ്യാന്തര ഇടവേളയിലാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലായത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നിലവിലെ സംഘത്തില്‍ തോല്‍വി അറിയാത്ത ഏക കളിക്കാരനാണ് ബെനാരിഫ്. ബംഗളൂരു എഫ്സിക്ക് എതിരായ 2-1 എവേജയ പോരാട്ടത്തില്‍ സബ്സ്റ്റിറ്റ്യൂട്ടായാണ് ബെനാരിഫ് ആദ്യമായി ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ കളത്തിലെത്തിയത്.
