പിറവം: പാമ്പാക്കുടക്കടുത്ത് കോളജ് പരിസരത്തുനിന്നും എംഡിഎംഎയുമായി ജാര്‍ഖണ്ഡ് സ്വദേശിനി എക്സൈസിന്റെ പിടിയിലായി. ഇന്നലെ രാത്രി 10.30 ഓടെ ചെട്ടിക്കണ്ടത്തുള്ള വെയറ്റിംഗ് ഷെഡില്‍ നിന്നുമാണ് ദാസ്മി നാഗിനെ (23) പിറവം എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഹാന്‍ഡ് ബാഗില്‍ നിന്നും 9.11 ഗ്രാം എംഡിഎംഎയും, അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. പിറവം, പാമ്പാക്കുട മേഖലകളില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകമാണന്നുള്ള പരാതിയുണ്ടായിരുന്നു.
ഇതേത്തുടര്‍ന്ന് എക്സൈസ് സംഘം പകലും, രാത്രിയും പെട്രോളിംഗ് ഊര്‍ജ്ജിതമാക്കിയിരുന്നു. പിറവം – മുവാറ്റുപുഴ റോഡിലെ വെയിറ്റിംഗ് ഷെഡില്‍ യുവതി ഒറ്റയക്കാണ് ഇരുന്നത്. മറ്റാരോ ഒപ്പമുണ്ടായിരുന്നതായി കരുതുന്നുണ്ട്. എക്സൈസിനെ കണ്ട് ഇവര്‍ ഒളിച്ചതാവാനാണ് സാധ്യത.
മയക്കുമരുന്നിന്റെ വിതരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് മുമ്പും യുവതിയെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. വിജയ രശ്മി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.കെ. അരുണ്‍, കെ.എം. റോബി, എം.എം. നന്ദു, എം.എന്‍. അനില്‍കുമാര്‍, ടിനു ജോര്‍ജ്, എ.കെ. ജയദേവന്, വി.സി. അനീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
