വടക്കഞ്ചേരി: അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. 46 ഗ്രാം എംഡിഎംഎയുമായി കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാവിലെ പന്നിയങ്കര ടോൾ പ്ലാസക്ക് സമീപമാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽ നിന്നും ഇരുവരും രണ്ട് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. ബസ് ഇറങ്ങിയശേഷം ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടയാണ് ഇവർ പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലാവുമ്പോൾ ഇവരുടെ കൈവശം 45.253ഗ്രാം എംഡിഎംഎ ആണ് ഉണ്ടായിരുന്നത്.
24.089 ഗ്രാം ഷാഹുലിന്റെ പാന്സിന്റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്നുമാണ് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്.
