തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തിലും ആശുപത്രികളുടെ നിലവാരം വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന്, രോഗികളുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികൾ താൽക്കാലികമായി നീട്ടിവയ്ക്കാൻ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) തീരുമാനിച്ചു.
ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കെ.ജി.എം.സി.ടി.എ സംസ്ഥാന ഭാരവാഹികൾ നടത്തിയ ചർച്ചകളിലാണ് അനുകൂല തീരുമാനമുണ്ടായത്. 18 മാസത്തെ കുടിശിക ഇപ്പോൾ തന്നെ അനുവദിക്കുവാനുള്ള നടപടികൾ എടുക്കാമെന്നും, ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ഗവൺമെന്റിനുവേണ്ടി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകി.
18 മാസത്തെ കുടിശിക നൽകുന്നതിന് മറ്റ് നിയമപരമായ തടസങ്ങളില്ലെന്ന് വ്യക്തമാക്കിയ അഡീഷണൽ ചീഫ് സെക്രട്ടറി, തുക എത്രയും വേഗം ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും സംഘടനാ പ്രതിനിധികളെ അറിയിച്ചു.
തസ്തികകളുടെ എണ്ണം വർധിപ്പിക്കൽ ഉൾപ്പെടെ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കാമെന്ന് നേരത്തെ തന്നെ അധികൃതർ ഉറപ്പു നൽകിയിരുന്നു. സമരം തുടങ്ങിയതിനു ശേഷം ഇതിന്റെ ഭാഗമായി കുറച്ചെങ്കിലും പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളിലായി ഡോക്ടർമാരുടെ 44 തസ്തികകൾ സമരത്തെ തുടർന്ന് 2025 നവംബറിൽ സൃഷ്ടിച്ചിരുന്നു.
പൊതുസമൂഹത്തിനായി ഈ സമരം നൽകിയ സംഭാവനയായി ഇതിനെ വിലയിരുത്തണം. മെഡിക്കൽ കോളേജുകളുടെ പ്രവർത്തന നിലവാരം വർധിപ്പിക്കാൻ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രവേശന തസ്തികയിലെ ശമ്പളക്കുറവ് സമരത്തിൻറെ ആദ്യഘട്ടത്തിൽ പരിഹരിച്ചത് മെഡിക്കൽ കോളജുകളിലേക്ക് കൂടുതൽ യുവ ഡോക്ടർമാർ എത്താനും അതുവഴി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളും പുതുതായി സൃഷ്ടിക്കാൻ പോകുന്ന തസ്തികകളും നികത്താനും കാരണമാകും എന്ന് കരുതുന്നു. അത് മെഡിക്കൽ കോളജുകൾ തകർച്ചയിലേക്ക് പോകുന്നത് ഒഴിവാക്കാൻ സഹായിക്കും എന്ന് കരുതുന്നു. മെഡിക്കൽ കോളേജുകളുടെ നിലവാരം ഉയർത്താൻ വേണ്ടിയുള്ള മറ്റ് ക്രിയാത്മകമായ നിർദേശങ്ങളുമായി സംഘടന ഇനിയും മുന്നോട്ടു പോകും.
സമരകാലയളവിൽ പൊതുസമൂഹവും, വാർത്താമാധ്യമങ്ങളും, വിദ്യാർഥി സമൂഹവും നൽകിയ വലിയ പിന്തുണയെ കെ.ജി.എം.സി.ടി.എ നന്ദിയോടെ സ്മരിക്കുന്നു. വിദ്യാർ്ഥികൾക്കും ജനങ്ങൾക്കും രോഗികൾക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സർക്കാർ ഉത്തരവ് ഇറങ്ങുന്നതിനു മുന്പുതന്നെ അഡിഷണൽ ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച് നൽകിയ ഉറപ്പിനെ തുടർന്ന് സമരം ഇത്തരത്തിൽ ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കാൻ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി (CEC) തീരുമാനിച്ചത്.
പ്രതിസന്ധി ഘട്ടത്തിൽ വിഷയത്തെ ഗൗരവത്തോടെ പരിഗണിച്ച് അനുഭാവപൂർവ്വമായ ഇടപെടൽ നടത്തിയ ആരോഗ്യ മന്ത്രിക്കും ധന മന്ത്രിക്കും, ഇതുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പ്, ധനവകുപ്പ്, നിയമ വകുപ്പ് എന്നിവയുടെ സെക്രട്ടറിമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും കെജിഎംസിടിഎ നന്ദി അറിയിച്ചു.
പ്രശ്നത്തിന്റെ യാഥാർഥ്യം മനസിലാക്കി എടുത്ത ഉത്തരവാദിത്തപരമായ സമീപനം പരിഹാരത്തിലേക്ക് നീങ്ങാൻ സഹായകരമാകും എന്ന് കരുതുന്നു. എന്നാൽ, ഇപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കുവാനുള്ള ഉത്തരവുകൾ ഇറങ്ങിയെങ്കിൽ മാത്രമേ ഈ ഉദ്യമം പൂർണമാവുകയുള്ളൂ എന്ന് ഓർമപ്പെടുത്താനും സംഘടന നിർബന്ധിതമാണ്.
സർക്കാർ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി പാലിക്കപ്പെടുമെന്നാണ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്. സമരം നീട്ടി വച്ചിരിക്കുന്ന കാലയളവായ ഒരാഴ്ചയ്ക്കകം ഉറപ്പു നൽകിയ പ്രകാരമുള്ള ഉത്തരവിറങ്ങുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ സംഘടന നിർബന്ധിതമാകുമെന്നും കെ ജി സി എം ടി എ സംസ്ഥാന പ്രസിഡന്റ് റോസ്നാര ബീഗം, ജനറൽ സെക്രട്ടറി അരവിന്ദ്. സി എസ് എന്നിവർ വ്യക്തമാക്കി.
