തൊടുപുഴ: പാല്‍വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസമാണെങ്കിലും വില വര്‍ധന അപര്യാപ്തമാണെന്ന് ക്ഷീരകര്‍ഷകര്‍. മൂന്നു വര്‍ഷത്തിനു ശേഷമാണ് പാല്‍വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചത്. ക്ഷീരകര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പാല്‍വില കൂട്ടുകയെന്നത്.
ഇടതു സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ തീരുമാനിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് പാല്‍വില കൂട്ടിയത്. ഉത്പാദനച്ചെലവ് ക്രമാതീതമായി കൂടിയതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാണെന്നും ഇവര്‍ പറയുന്നു.
ലിറ്ററിന് നാലു രൂപയാണ് മില്‍മ കൂട്ടിയത്. ജൂണ്‍ ഒന്നുമുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും. പൊതു വിപണിയില്‍ ലിറ്ററിന് 56 രൂപയ്ക്ക് ലഭിച്ചിരുന്ന പാലിന് ഇനി 60 രൂപ നല്‍കണം. ഇതില്‍ 3.35 രൂപ കര്ഷകന് അധികമായി ലഭിക്കും.
10 പൈസ മില്‍മയ്ക്കും ബാക്കി ക്ഷീരസംഘത്തിനും ലഭിക്കും. നിലവില്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് 43-44 നിരക്കിലാണ് കര്ഷകന് വില ലഭിക്കുന്നത്. ഇനി 46-47 എന്ന നിരക്കില്‍ വില ലഭിക്കും. ഇത് എല്ലാ കര്‍ഷകര്‍ക്കും ലഭിക്കണമെന്നില്ല.
പാലിന്റെ കൊഴുപ്പിന്റെയും കൊഴുപ്പിതര ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ഉയര്‍ന്ന അളവില്‍ ഉത്പാദനശേഷിയുള്ള എച്ച്എഫ് വിഭാഗം പോലെയുള്ള പശുക്കളുടെ പാലില്‍ പൊതുവേ കൊഴുപ്പിന്റെ അളവ് കുറവായിരിക്കും. കുറഞ്ഞ അളവില്‍ ഉത്പാദനമുള്ള ജേഴ്സി ഉള്‍പ്പെടെയുള്ള പശുക്കളുടെ പാലില്‍ കൊഴുപ്പ് കൂടുതലായിരിക്കും.
ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കണമെങ്കില്‍ കര്ഷകന് 48.50 രൂപ ചെലവു വരുമെന്ന് ഇവര്‍ പറയുന്നു. അതിനാല്‍ ലിറ്ററിന് 50 രൂപയെങ്കിലും എല്ലാ കര്‍ഷകര്‍ക്കും ലഭിക്കണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ വേനല്‍ക്കാല ഇന്‍സെന്റീവായി മില്‍മ എറണാകുളം മേഖല യൂണിയന് ലിറ്ററിന് രണ്ടു രൂപ കര്‍ഷകര്‍ക്ക് നല്കി വരുന്നുണ്ട്. ഇത് പാല്‍വില കൂടുന്നതോടെ നിലയ്ക്കും.
കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ കൃഷിയോടൊപ്പമാണ് പല കര്‍ഷകരും അധിക വരുമാനമെന്ന നിലയില്‍ കന്നുകാലി വളര്‍ത്തല്‍ നടത്തുന്നത്. ക്ഷീരകര്‍ഷകരുടെ ഒരു ദിവസം കടന്നുപോകുന്നത് പുലര്‍ച്ചെ മുതല്‍ രാത്രി വൈകുവോളമുള്ള അധ്വാനത്തിലൂടെയാണ്. എന്നാല്‍ ഇത്തരത്തില്‍ രാപകല്‍ ഭേദമെന്യേ കഠിനാധ്വാനം നടത്തിയിട്ടും ക്ഷീരമേഖലയില്‍നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പശുപരിപാലനവും ജീവിതവും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
ജില്ലയില്‍ 200 ക്ഷീരസംഘങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. നേരത്തേ 10,000നു മേല്‍ കര്‍ഷകര്‍ ഈ സംഘങ്ങളില്‍ പാല് അളന്നിരുന്നു. എന്നാല്‍ ഇവരില്‍നിന്നു നല്ലൊരു വിഭാഗം കര്‍ഷകരും മേഖല ഉപേക്ഷിച്ച് മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി.
ക്ഷീരകര്‍ഷകരോടുള്ള അധികൃതരുടെ അവഗണന തുടരുന്നതിലും പുലര്‍ച്ചെ മുതല്‍ അന്തിയോളം ജോലിയെടുത്താലും കാര്യമായ വരുമാനം നേടാന്‍ കഴിയാത്ത സാഹചര്യവും കണക്കിലെടുത്താണ് കൂടുതല്‍ പേരും ഈ മേഖലയില്‍നിന്നു പിന്‍വാങ്ങിയത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പല ക്ഷീര സംഘങ്ങളും പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചുപൂട്ടി. ഒട്ടേറെ സംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്.
ഇതിനിടെ കാലിത്തീറ്റ വില ഉയര്‍ന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 50 കിലോ ചാക്ക് കാലിത്തീറ്റയ്ക്ക് 1450 രൂപയ്ക്കു മുകളിലാണ് വില. പച്ചപ്പുല്ല് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കാലിത്തീറ്റയാണ് പശുക്കള്‍ക്ക് പ്രധാനമായും നല്‍കുന്നത്.
ഇതിനു പുറമേ തവിട്, പിണ്ണാക്ക്, വൈക്കോല്‍ എന്നിവയും നല്‍കണം. ഇവയുടെയും വില ക്രമാതീതമായി വര്‍ധിച്ചു. അതിനാല്‍ ക്ഷീരസംഘങ്ങളില്‍ പാല് അളക്കുന്ന കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ കാലിത്തീറ്റ ലഭ്യമാകാനുള്ള നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
