കോഴിക്കോട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മാര്‍ഗനിര്‍ദേശ ചര്‍ച്ചകളുമായി മുസ്ലിം ലീഗ് നേതൃത്വം. ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടേയും പോഷക സംഘടനകളുടേയും അഭിപ്രായം തേടണമെന്നും ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.
യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ പോഷക സംഘടനകള്‍ക്കും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ പങ്കുണ്ട്. ഉപജാപക സംഘത്തിന്റെ പിടിയില്‍പ്പെട്ട് വ്യക്തിതാത്പര്യത്തിനനുസരിച്ച് പഴ്സണല്‍ സ്റ്റാഫിനെ തീരുമാനിക്കരുതെന്നാണ് നിര്‍ദേശം.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളാകാമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ അറിയിച്ചു. അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെച്ചൊല്ലിയുള്ള വിവാദം യുഡിഎഫിനെക്കുറിച്ച് പുതിയ തലമുറയിലുള്‍പ്പെടെ അവമതിപ്പുണ്ടാക്കിയെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ പൊതുവേയുള്ള വിലയിരുത്തല്‍.
