ഫണ്ട് ശേഖരണത്തിനായി വിദേശത്തേക്ക് പറക്കാന്‍ മന്ത്രിമാരുടെ തിക്കിത്തിരക്ക് ! ജര്‍മന്‍ സന്ദര്‍ശനം ഇടയ്ക്കു വച്ച് നിര്‍ത്തിയ കെ.രാജുവിന് വീണ്ടും യൂറോപ്പില്‍ പോകാം; ലിസ്റ്റിലുള്ളത് യുഎഇ മുതല്‍ കാനഡവരെ…

കേരള നിയമസഭയിലെ മന്ത്രിമാര്‍ക്ക് ഇത് വിദേശയാത്രാക്കാലം. 20 മന്ത്രിമാര്‍ക്കും അനേകം ഉദ്യോഗസ്ഥര്‍ക്കുമാണ് സര്‍ക്കാര്‍ ചിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഓസ്ട്രിലയയിലുമൊക്കെ പോകാന്‍ അവസരമൊരുങ്ങുന്നത്. പ്രവാസികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പണം വാങ്ങാനെന്ന പേരിലാണ് വിദേശയാത്രകള്‍ക്ക് അരങ്ങൊരുന്നത്.

പ്രളയത്തിനിടെ പാതിവഴിയില്‍ ജര്‍മന്‍ സന്ദര്‍ശനം ഉപേക്ഷിച്ച് തിരികെ പോന്ന വനംമന്ത്രി കെ. രാജുവിനെപ്പോലെയുള്ളവര്‍ക്ക ഇച്ഛാഭംഗം തീര്‍ക്കാനുള്ള അവസരം കൂടിയായി മാറുകയാണിത്. വിദേശത്തു നിന്നുമുള്ള ഫണ്ട് സമാഹരിക്കാന്‍ മന്ത്രിമാരെ നേരിട്ട് അയയ്ക്കാനുള്ള തീരുമാനം വന്നതോടെ പലരുടെയും മനസ്സില്‍ ലഡ്ഡു പൊട്ടിയിരിക്കുകയാണ്.

പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് പണപ്പിരിവ്. ഇത് ഏറ്റുവാങ്ങുക മാത്രമാകും മന്ത്രിമാരുടെ ജോലി. ഇതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്തുള്ള മന്ത്രിമാരുടെ വിദേശ യാത്ര. ഇതിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്.

വിഭവ സമാഹരണത്തില്‍ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികളെ പങ്കാളികളാക്കും. ലോക കേരള സഭ അംഗങ്ങളുടെയും വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളുടെയും സഹകരണത്തോടെയാവും വിദേശത്തു നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തുക.

ഒക്ടോബര്‍ മുതല്‍ മന്ത്രിമാര്‍ വിദേശങ്ങളിലേക്ക് ഇതിനായി പോകും. യു.എ.ഇ, ബഹറൈന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, യു.കെ, ജര്‍മനി, അമേരിക്ക, കാനഡ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ധനസമാഹരണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

ഇതില്‍ പ്രധാന രാജ്യങ്ങളിലേക്കുള്ള യാത്ര തരപ്പെടുത്താനാണ് മന്ത്രിമാരുടെ മത്സരം. എല്ലാ മന്ത്രിമാര്‍ക്കും പോകാവുന്ന തരത്തില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്.

ഇതിനിടെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പണവുമായി മടങ്ങിവരുമോയെന്ന ഭയത്തിലാണ് അമേരിക്കന്‍ യാത്ര സ്വപ്‌നം കാണുന്ന ചില മന്ത്രിമാര്‍. യുഎഇ കേരളത്തിന് സഹായ വാഗ്ദാനം നല്‍കിയിരുന്നു അതിനാല്‍ യുഎഇയിലും മുഖ്യമന്ത്രി തന്നെ പോകാനാണ് സാധ്യത.

സന്നദ്ധ സംഘനകളിലൂടെ നടക്കുന്ന ഈ തുക മുഖ്യമന്ത്രി പോയി വാങ്ങണമെന്ന അഭിപ്രായം സജീവമാണ് താനും. എന്നാല്‍ അമേരിക്കയിലെ മയോ ക്ലീനിക്കിലെ ചികില്‍സയ്ക്ക് ശേഷം മാത്രമേ മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവൂ.

എന്നാല്‍ മലയാള മിഷന്‍ പ്രവര്‍ത്തനത്തിനു വേണ്ടി പോകുന്ന മന്ത്രി കെ ബാലനും ലോട്ടറി അടിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ ഉടന്‍ ഫണ്ട് പിരിവിനായി മറ്റേതെങ്കിലും വിദേശരാജ്യത്തേക്ക് പറക്കാം.

വിദേശത്തുള്ള മക്കളെയും ബന്ധുക്കളെയും കാണാന്‍ വേണ്ടി അതിനനുസൃതമായ രാജ്യങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് പലരുടെയും ശ്രമം. എല്ലാവര്‍ക്കും വിദേശയാത്രയ്ക്ക് അവസരമുണ്ടാക്കണമെന്ന പൊതുവികാരമാണ് മന്ത്രിമാര്‍ക്കുള്ളത്. ചിലര്‍ മാത്രം വിദേശയാത്ര നടത്തി സുഖിക്കേണ്ടയെന്നാണ് പലരുടെയും നിലപാട്.

സാലറി ചലഞ്ചിലൂടെ പ്രവാസി മലയാളികളില്‍ നിന്ന് ഒരു മാസത്തെ ശമ്പളമാണ് പിണറായി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ഏവരും തയ്യാറാണ്. അത് മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും.

ഇത് വളരെ വേഗത്തില്‍ നടക്കുന്ന പ്രക്രിയയാണ്. എന്നാല്‍ വിദേശയാത്രയിലൂടെ അടിച്ചുപൊളിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രിമാര്‍. മന്ത്രിമാര്‍ മാത്രമല്ല ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്കുള്ളവരുടെ ലിസ്റ്റിലുണ്ട്. എന്നാല്‍ ലോക കേരളസഭയിലെ അംഗങ്ങളിലൂടെ പണപ്പിരിവ് നടത്തുന്നതല്ലേ ഉത്തമമെന്നും ചോദ്യം ഉയരുന്നുണ്ട്.

ഈ മാസം 10 മുതല്‍ 15 വരെ ജില്ലാതലത്തിലും അതിനുശേഷം ദേശീയ തലത്തിലും മന്ത്രിമാര്‍ പിരിവ് യാത്രകള്‍ നടത്തും. അതിനു ശേഷമാകും വിദേശയാത്ര. യു.എ.ഇ, ബഹറൈന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, യു.കെ, ജര്‍മനി, അമേരിക്ക, കാനഡ തുടങ്ങി 14 രാജ്യങ്ങളിലേക്കാണ് മന്ത്രിമാരുടെ യാത്ര. അതായത് 14 മന്ത്രിമാര്‍ക്ക് മാത്രമേ പോകാനാകൂ. അതിനാലാണ് എല്ലാവര്‍ക്കും പോകാന്‍ അവസരമൊരുക്കണമെന്ന അഭിപ്രായമുയരുന്നത്. സിപിഎമ്മിലേയും സിപിഐയിലേയും ആരൊക്കെ പോകണമെന്നത് പാര്‍ട്ടിയാകും തീരുമാനിക്കുക. ജനകീയ മന്ത്രിമാര്‍ക്കാകും മുന്‍ഗണനയെന്നും സൂചനയുണ്ട്.

Related posts