ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്നുരാവിലെ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെത്തുടർന്ന് 40ലേറെ വിമാനസർവീസ് വൈകുന്നു. 22ലേറെ ട്രെയിനുകളും വൈകിയോടുന്നതായാണ് റിപ്പോർട്ട്.
സർവീസുകൾ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിടുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഡൽഹിയുടെ വലിയ ഭാഗങ്ങൾ മൂടൽമഞ്ഞിൽ വലഞ്ഞു. ഇതു ദൃശ്യപരത ഗണ്യമായി കുറയ്ക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്തു. രാവിലെ 8.10 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കനത്ത മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ, നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ CAT III സാഹചര്യത്തിലാണെന്ന് അധികൃതർ അറിയിച്ചു. സർവീസുകൾ സാധാരണഗതിയിൽ തുടർന്നിട്ടും ലോ വിസിബിലിറ്റി നടപടിക്രമങ്ങൾ (എൽവിപി) പ്രാബല്യത്തിൽ ഉണ്ടെന്ന് വിമാനത്താവള അധികൃതർ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.
നിരവധി ട്രെയിനുകൾ മണിക്കൂറോളം വൈകിയാണ് സഞ്ചരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് പല പ്രദേശങ്ങളിലും ഗതാഗതക്കുരുക്കിനു കാരണമായി. പ്രധാന റോഡുകളിലും ഡൽഹിയെ അയൽ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേകളിലും ഗതാഗതം താറുമാറായി. ശൈത്യകാലം രൂക്ഷമാകുന്നതോടെ വരും ദിവസങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞ് നിലനിൽക്കുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ പറയുന്നു.
